ഇടതു സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി കത്തോലിക്കാ സഭയുടെ തൃശൂർ അതിരൂപത രംഗത്ത്. എല്ലാം ശരിയാക്കാം എന്ന വാഗ്ദാനം കേട്ട് കോരിത്തരിച്ചിട്ട് അഞ്ച് കൊല്ലം പിന്നിട്ടിട്ടും ഇതുവരെ ഒന്നും ശരിയായില്ലല്ലോ എന്ന തോന്നൽ ജനത്തിനുണ്ടെന്ന് കത്തോലിക്കാസഭ വിമർശിക്കുന്നു. ഭാരതത്തെ മത രാഷ്ട്രമാക്കാൻ ശ്രമംനടക്കുന്നതായും സഭ കുറ്റപ്പെടുത്തുന്നു.
വോട്ട് പഴാക്കരുതെന്ന് കത്തോലിക്കാ സഭ. ജനോപകാരികളായ സ്ഥാനാർത്ഥികൾക്ക് വിവേചനാപൂർവ്വം വോട്ട് നൽകണമെന്ന് തൃശൂർ അതിരൂപത ആവശ്യപ്പെടുന്നു. ജനം നിശബ്ദരാവുമ്പോൾ ഇരുട്ടിന്റെ ശക്തികൾ വളരും.
വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുന്നത് നാടിന്റെ ഭാവിയെ അപകടത്തിലാക്കും. ജനോപകരികളായ സ്ഥാനാർത്ഥികളെ വിവേചിച്ചറിഞ്ഞ് വോട്ട് നൽകണമെന്നും സഭ ആവശ്യപ്പെടുന്നു. അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ പുതിയ ലക്കത്തിലാണ് തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡ് ഭയമോ മറ്റെന്തെങ്കിലുമോ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കാൻ കാരണമാകരുത്. നാടിന്റെ ദുരവസ്ഥ നാടിൻെറ ശാപമാണെന്ന് പരിതപിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന നല്ല സ്ഥാനാർത്ഥികളല്ലെങ്കിൽ വിജയിപ്പിക്കില്ലെന്ന് രാഷ്ട്രീയ കക്ഷികളെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണിതെന്നും കത്തോലിക്കാ സഭ ഓർമ്മിപ്പിക്കുന്നു. ജനം നിശ്ബദരാവുമ്പോഴാണ് ഇരുട്ടിന്റെ ശക്തികൾ വളർന്നുവരുന്നത്. മുഖംമൂടിയണിഞ്ഞവരാണ് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത്. അവർക്കെതിരെയുള്ള ശബ്ദമായി വോട്ട് ചെയ്യണം. ഒരൊറ്റ വോട്ടും പഴാക്കാതിരിക്കേണ്ടതും വിവേചന ശക്തിയോടെ വോട്ട് ചെയ്യേണ്ടതും ജനത്തിന്റെ വലിയ കടമയാണെന്നും കത്തോലിക്കാ സഭാ വ്യക്തമാക്കുന്നു.