വോട്ടിന് നോട്ട് കൊടുക്കാന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ്; സി.പി.എമ്മിനെതിരെ നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Friday, April 19, 2019

വോട്ടിന് നോട്ട് കൊടുക്കാന്‍ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി സി.പി.എം ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ ഏല്‍പിച്ച് വോട്ടിന് നോട്ട് വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഇതിനെതിരെ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പോലീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനം നടത്തിയെങ്കിലും ഇതുവരെ നടപടി എടുത്തില്ല.

പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്‍റ് മാനേജുമെന്‍റുകാര്‍ പണം വിതരണം ചെയ്യുകയുമാണ്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ വരെ സി.പി.എം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏഴു ദശാബ്ദത്തിലധികമായി നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഇതു മാരകമായ പ്രഹരം ഏല്‍പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.