തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ വന്‍ തോതില്‍ പണമൊഴുക്കും അഴിമതിയും നടന്നുവെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്‍റെ ആരോപണം ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വിദേശത്തുള്ള അക്കൗണ്ടിലേക്ക് ഭീമമായ തുക എത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇതിന്‍റെയെല്ലാം സൂത്രധാരകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
2016-19 കാലഘട്ടത്തില്‍ അബുദാബിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പിഡബ്‌ളിയുസി, എസ്എന്‍സി ലാവ്‌ലിന്‍ തുടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നു എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. ഈ രണ്ടു കമ്പനികളും നേരത്തെ ഇടതു മുന്നണി സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ചിട്ടുള്ളവയാണ്. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം വളരെ സംശയകരമാണെന്നും ശരിയായ അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഈ അഴിമതിപ്പണം മന്ത്രിസഭയിലേയും പാർട്ടിയിലെ പലർക്കും പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധമായി അന്വേഷിച്ചാൽ എല്ലാ വിവരങ്ങളും പുറത്ത് വരും. നയതന്ത്ര ബാഗ് വഴിയുള്ള സ്വർണ്ണക്കടത്തിനും മുഖ്യമന്ത്രി ആദ്യമായി ദുബൈയിൽ പോയപ്പോൾ ശിവശങ്കരൻ നയതന്ത്ര ചാനൽ വഴി ബാഗ് കൊണ്ട് പോയതിനും പിന്നിലെല്ലാം ദുരൂഹതയുണ്ട്.
മസാല ബോണ്ടിലൂടെ ചില മന്ത്രിമാരുടെയും പോക്കറ്റുകളിൽ മണിയെത്തി എന്ന് വ്യക്തമാകുന്നതാണ് ലാവ്‌ലിന്‍ കമ്പനിയിൽ നിന്നുള്ള പണമിടപാടെന്ന് അദ്ദേഹം ആരോപിച്ചു.
ചുരുക്കത്തിൽ ഒന്നാം പിണറായി ഗവൺമെന്‍റ് ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്തത്. അത് ഒരു പരിധി വരെ തടയാനായത് അന്നത്തെ പ്രതിപക്ഷത്തിന്‍റെ ശക്തമായ ഇടപെടൽ കൊണ്ട് മാത്രമാണ്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് പ്രതിപക്ഷം തുറന്ന് കിട്ടിയ കമ്പനികളിൽ നിന്ന് തന്നെയാണ് വേണ്ടപ്പെട്ടവർക്ക് കോടികൾ ലഭിച്ചതെന്ന് പ്രതിപക്ഷം അന്ന് പറഞ്ഞത് ശരിവെയ്ക്കുന്നതാണ് അന്വേഷണ എജൻസിയുടെ കണ്ടെത്തലെന്നും ഈ പണം അമേരിക്കയിലേക്കാണ് പോയതെങ്കിൽ ഇതിന് പിന്നിൽ സ്പ്രിoഗ്ളർ കമ്പനിയുടെ പങ്കുണ്ടോയെന്ന കാര്യം കൂടി അന്വേഷണ വിധേയമാക്കേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.