സിപിഎമ്മുമായി കൈകോർക്കുന്ന ‘ആശാപുര’ തട്ടിപ്പ് കമ്പനി; നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി കേസുകള്‍

Jaihind News Bureau
Saturday, July 4, 2020

ടെക്നോസിറ്റി ഭൂമിയില്‍ കളിമണ്‍ ഖനനം നടത്താനുള്ള സർക്കാർ നീക്കം തടഞ്ഞ  പ്രതിപക്ഷ നേതാവിനെ വ്യക്തിഹത്യ ചെയ്യാനായി സിപിഎം കൂട്ടുപിടിച്ച ആശാപുര ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് തട്ടിപ്പ് കമ്പനി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നിരവധി കേസുകള്‍ കമ്പനി നേരിടുന്നുണ്ട്. ബഹുരാഷ്ട്ര ഖനന കമ്പനിയായ ആശാപുരയുടെ (ആശാപുര മൈന്‍കെം ലിമിറ്റഡ്) മാനേജിങ്ങ് ഡയറക്ടര്‍ ചേതന്‍ ഷാ, ചൈനയിലേയ്ക്ക് നിയമവിരുദ്ധമായി ഇരുമ്പയിര് കയറ്റുമതി ചെയ്ത കുറ്റത്തിന് സിബിഐ ആന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. 38 ലക്ഷം മെട്രിക്ക് ടണ്‍ ഇരുമ്പയിര് ചൈനയിലേയ്ക്ക് കയറ്റുമതി ചെയ്യാനുളള കേന്ദ്ര ഖനി വകുപ്പിന്റെ അനുമതിയുടെ മറവില്‍ ആശാപുരയുള്‍പ്പെടെയുള്ള കമ്പനികള്‍ അധികമായി 58 ലക്ഷം മെട്രിക്ക് ടണ്‍ ഇരുമ്പയിര് കൂടി മുന്‍കൂര്‍ അനുമതിയില്ലാതെ കയറ്റുമതി ചെയ്തു എന്നാണ് കേസ്.

2013-ലാണ് ഇതുസംബന്ധിച്ച ആരോപണം ഉയര്‍ന്നതും കേസ് രജിസ്റ്റര്‍ ചെയ്യുന്നതും. കേസ് പ്രകാരം 2009-10 കാലയളവിലാണ് ഈ നിയമവരുദ്ധ ഇടപാട് നടക്കുന്നത്. കര്‍ണ്ണാടകയിലായിരുന്നു ഖനനം. യാതൊരുവിധ അനുമതികളുമില്ലാതെ ഖനനം നടത്തുകയും ഇത് നിയമവിരുദ്ധമായി കാര്‍വാറിനടുത്തുള്ള ബെലെകേരി തുറമുഖത്തേയ്ക്ക് നീക്കം ചെയ്യുകയും, പിന്നീട് കയറ്റുമതി ചെയ്യുകയുമായിരുന്നു. 2015 ല്‍ ഈ കേസില്‍ ചേതന്‍ ഷായ്ക്ക് ജാമ്യം ലഭിച്ചു. ഷായുടെ പാസ്‌പോര്ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ അനധികൃത ഖനനം അന്ന് കര്‍ണ്ണാടക രാഷ്ടീയത്തില്‍ ഏറെ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു.  അന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതു സംബന്ധിച്ച ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന്  ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഭവിച്ചതായി അന്നത്തെ മുഖ്യമന്ത്രി യദിയൂരപ്പ സമ്മതിച്ചു. കോണ്‍ഗ്രസിന്‍റെ  ശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന്  കേസ് രജിസ്റ്റര്‍ ചെയ്യുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍  കര്‍ണ്ണാടകത്തിലെ അനധികൃത ഖനന കേസ് കെട്ടിച്ചമച്ചതാണെന്നും ഈ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്കിയ കീഴ്‌കോടതി വിധി റദ്ദാക്കണം എന്ന് അപേക്ഷിച്ചുകൊണ്ട് ആശാപുര നല്‍കിയ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി 2019 ആഗസ്റ്റ് 28-ല്‍ തള്ളിക്കളഞ്ഞു.

കരാര്‍ ലംഘനങ്ങള്‍ക്കെതിരെ ഇന്ത്യയ്ക്കു പുറത്തും  ആശാപുരക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങളുമായി ഏര്‍പ്പെട്ട കരാറുകളില്‍ നിന്നും ആശാപുര ഏകപക്ഷീയമായി പിന്മാറി എന്നു കാണിച്ച് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള അര്‍മഡ സിംഗപ്പൂര്‍ പിടിഇ ലിമിറ്റഡ് എന്ന കമ്പനി യുകെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആന്താരാഷ്ട ആര്‍ബിട്രേഷന്‍ നിയമങ്ങളനുസരിച്ച് പരാതിക്കാരായ സിംഗപ്പൂര്‍ കമ്പനിയ്ക്ക് അനുകൂലമായി 2010ല്‍ വിധിയുണ്ടായി. സിംഗപ്പൂര്‍ കമ്പനിയ്ക്ക് കനത്ത നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. ഈ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിംഗപ്പൂര്‍ കമ്പനി മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആശാപുരയ്‌ക്കെതിരായി 2018 നവംബറില്‍ വിധിയുണ്ടായി. ഈ വിധിപ്രകാരം കമ്പനിയുടെ ചില സ്വത്തുക്കള്‍ റിസീവര്‍ ഭരണത്തിലാകുകയും ചെയ്തു. അതേസമയം ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന  ‘ആശാപുര’ മേധാവിയുടെ വാക്കുകളാണ് സിപിഎമ്മും പാർട്ടി ചാനലും വ്യാപകമായി പ്രചരിപ്പിക്കുന്നത്.