മൂന്നാറിനടുത്ത് രാജമലയിൽ വാഹനത്തിൽ നിന്നും വഴിയിൽ വീണ കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെടുത്തിയ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ജൂവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. തങ്ങളുടെ മകളെ ഉപേക്ഷിച്ചതല്ല, ഉറക്കം മൂലമുണ്ടായ അശ്രദ്ധ കൊണ്ടാണ് കുട്ടി വഴിയിൽ വീണതെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
ഞായറാഴ്ച്ച പുലർച്ചെയാണ് രാജമലക്കു സമീപം ഓടികൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഒരു വയസുള്ള രോഹിത എന്ന പെൺകുഞ്ഞ് വഴിയരികിലേക്ക് തെറിച്ചു വീണത്. ഉറക്കത്തിലായിരുന്ന മാതാപിതാക്കളും മറ്റ് കുടുംബാഗംങ്ങളും ഇത് അറിഞ്ഞത് തിരികെ വീട്ടിൽ എത്തുമ്പോഴാണ്. എന്നാൽ മാതാപിതാക്കൾ മനപ്പൂർവ്വം കുട്ടിയെ ഉപേക്ഷിച്ചതാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലടക്കം അഭിപ്രായങ്ങൾ ഉയർന്നിരുന്നു. സംഭവത്തോട് പ്രതികരിച്ച മാതാപിതാക്കൾ പറയുന്നത് ഇങ്ങനെയാണ്
“ഇത് ഞങ്ങളുടെ പൊന്നുമോളാണ്… അവളെ വഴിയിൽ ഉപേക്ഷിച്ചതല്ല, തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടാലും അവളെ സംരക്ഷിക്കും. അബദ്ധവശാൽ കുട്ടി കയ്യിൽ നിന്ന് പോയതാണ്.”
കുടുംബാംഗങ്ങൾ പളനിയിൽ എത്തി ക്ഷേത്ര ദർശനം നടത്തി തിരികെ വൈകിട്ടോടെ കുട്ടിയുടെ അമ്മ വീടായ ഉദുമ്ൽപേട്ടയിൽ എത്തുകയും തുടർന്ന് ഭക്ഷണം കഴിച്ച് അവിടെ നിന്നും മടങ്ങുകയായിരുന്നു.
കുട്ടിയുടെ അമ്മ സത്യഭാമ കഴിഞ്ഞ ആറുമാസക്കാലമായി ശരീരത്തിലെ അയണിന്‍റെ കുറവുമൂലം മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ദീർഘദൂര യാത്ര ചെയ്യുന്ന വേളയിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ അന്നേ ദിവസവും മരുന്ന് കഴിച്ചാണ് ഉദുമൽ പേട്ടയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഇതിനിടയിൽ കുട്ടി പലരുടേയും കൈകളിലായിരുന്നു. മരുന്നിന്റെ കാഠിന്യം കൊണ്ടാണ് താൻ ഉറങ്ങി പോയതെന്നും കുട്ടിയുടെ മാതാവ് പറയുന്നു.
അപകടകരമായ പ്രതിസന്ധികളെ തരണം ചെയ്താണ് ഞങ്ങളുടെ മുന്നാമത്തെ കുഞ്ഞായി രോഹിത പിറന്നത്. അവൾക്കുള്ള കളിപ്പാട്ടവും വാങ്ങിയാണ് ഞങ്ങൾ മടങ്ങിയത്.തിരികെ എത്തുമ്പോൾ കുട്ടിയില്ലന്നറിഞ്ഞതോടെ ആകെ തകർന്നു പോയെന്നും ആ സമയം നൈറ്റ് പട്രോളിംഗ് നടത്തിയിരുന്ന പോലിസിന്റെ സഹായത്തോടെയാണ് കുട്ടിയെക്കുറിച്ച് അന്വേഷിച്ചതെന്നും വനപാലകരോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്ന് കുട്ടിയുടെ പിതാവ് സതീഷ് പറഞ്ഞു.
https://www.youtube.com/watch?v=1Oo8Rgrrtd8