പാവപ്പെട്ടവരുടെ പെന്‍ഷന്‍ പണം മുക്കി സി.പി.എം നേതാവ്; പോലീസ് കേസെടുത്തു

Jaihind Webdesk
Sunday, June 16, 2019

കണ്ണൂര്‍: വാര്‍ധക്യ കാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ കബളിപ്പിച്ച സി.പി.എം നേതാവിനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. സി.പി.എം തലശ്ശേരി ലോക്കല്‍ കമ്മറ്റിയംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ കെ.കെ ബിജുവിനെതിരെയാണ് പോലീസ് കേസെടുത്തത്.

തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ജനറല്‍ മാനേജറുടെ പരാതി പ്രകാരമാണ് കേസ് എടുത്തത്.
ഇതേ ബാങ്കിലെ ജീവനക്കാരനും സി പി എം പ്രാദേശിക നേതാവുമായ ബിജുവിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തത്. സഹകരണ ബാങ്ക് വഴി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനായി ആറ് ലക്ഷം രൂപ ബിജുവിനെ ഏല്‍പ്പിച്ചെങ്കിലും ഈ തുക പലര്‍ക്കും വിതരണം ചെയ്യാതെ ബാങ്കിനെയും ഗുണഭോക്താക്കളെയും കെ.കെ.ബിജു വഞ്ചിച്ചതായാണ് പരാതി. തലശ്ശേരി സഹകരണ റൂറല്‍ ബാങ്കില്‍ ദിന നിക്ഷേപ പിരിവുകാരനായാണ് കെ.കെ.ബിജു ജോലി ചെയ്യുന്നത്. പള്ളിത്താഴെ, കുഴിപ്പങ്ങാട് പ്രദേശങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാനാണ് ബിജുവിനെ ബാങ്ക് ചുമതലപ്പെടുത്തിയിരുന്നത്.
ക്ഷേമ പെന്‍ഷന്‍ കാലാവധിക്ക് ശേഷവും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ വയോധികന്‍ ബാങ്കില്‍ നേരിട്ടെത്തി പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്.

ഇയാളുടെ പേരില്‍ കള്ള ഒപ്പിട്ട് പെന്‍ഷന്‍ ബിജു കൈവശം വെക്കുകയായിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ പലരുടെയും പേരില്‍ വ്യാജ ഒപ്പിട്ട് ക്ഷേമ പെന്‍ഷന്‍ തുക ബിജു കൈക്കലാക്കിയതായി ബാങ്ക് അധികൃതര്‍ കണ്ടെത്തി. ഇത്തരത്തില്‍ നിരവധി വ്യാജ രേഖകള്‍ ബിജു നിര്‍മ്മിച്ചതായി ബാങ്കിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ക്ഷേമ പെന്‍ഷന്‍ വ്യാജ ഒപ്പിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കാത്ത സംഭവത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിനും നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏരിയാ കമ്മറ്റിയംഗങ്ങളായ വാഴയില്‍ വാസു, കെ.പി പ്രഹീദ് എന്നിവരെ അന്വേഷണ കമ്മീഷനായി ഏരിയാ കമ്മറ്റി നിയോഗിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതില്‍ ഗുണഭോക്താക്കളും മറ്റും ബിജുവിനെതിരെ പരാതിപ്പെട്ടിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ബാങ്കിനെ ഇയാള്‍ വഞ്ചിക്കുകയായിരുന്നെന്ന് മനസിലായത്.

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത ഉപഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക നല്‍കി കൊണ്ട് പരാതി പരിഹരിക്കാനും സി പി എം പ്രാദേശിക നേതൃത്വം ഇതിനിടയില്‍ ശ്രമം നടത്തി. തലശ്ശേരി മേഖലയിലെ സി പി എമ്മിലെ വിഭാഗിയതയാണ് എ എന്‍ ഷംസീറിന്റെ ഉറ്റ സുഹൃത്തായ ബിജുവിനെതിരെ പരാതി ഉയരാന്‍ കാരണമായതെന്ന സൂചനയുണ്ട്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേട് ഏരിയാ കമ്മിറ്റിയില്‍ ചര്‍ച്ചയായി. തുടര്‍ന്നാണ് തലശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. തലശ്ശേരി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.