ഉള്ളി വിലയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ; കേന്ദ്രമന്ത്രിക്കെതിരെ കേസ്

ഉള്ളി വില വർധനവില്‍ തെറ്റിദ്ധാരണാജനകമായ പരാമർശം നടത്തിയതിന്  കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരെ കേസെടുത്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തതിനാണ് കേസ്. ബിഹാറിലെ മുസാഫർപുർ സിവിൽ കോടതിയില്‍ ശനിയാഴ്ചയാണ് കേസ് ഫയൽ ചെയ്തത്.  സാമൂഹ്യ പ്രവർത്തകനായ എം. രാജു നയ്യാർ നല്‍കിയ പരാതിയില്‍  ഡിസംബർ 12 ന് കോടതി വാദം കേൾക്കും.

പച്ചക്കറി വില ഉയരാന്‍ കാരണം കരിഞ്ചന്തകളാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വഞ്ചനക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. ഐപിസി 420,  506, 379 വകുപ്പുകൾ പ്രകാരമാണ് കേസ്.

നേരത്തെ ഉള്ളിവിലയെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമന്‍റെയും, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെയും പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. താന്‍ ഉള്ളിയോ വെളുത്തുള്ളിയോ അധികം കഴിക്കാറില്ലെന്നും അതിനാല്‍ ഉള്ളിവില തന്നെ ബാധിക്കില്ലെന്നായിരുന്നു ധനമന്ത്രിയുടെ വിവാദ പ്രസ്താവന. താനൊരു സസ്യഭുക്ക് ആയതിനാല്‍ ഉള്ലിവിലയെക്കുറിച്ച് എങ്ങനെ അറിയാനാണെന്നായിരുന്നു  കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ പ്രതികരണം.

ഉള്ളിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്‍റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്. അനിയന്ത്രിതമായ വിലക്കയറ്റത്തിനിടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്ന മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Ram VIlas PaswanOnion Price
Comments (0)
Add Comment