ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്; 12 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തു

കൊച്ചിയിൽ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന പന്ത്രണ്ട് ബസുകള്‍ക്കെതിരെ കേസെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. യാത്രക്കാരെ ബസ് ജീവനക്കാർ മർദിച്ച കേസിൽ ബസുടമ സുരേഷ് കല്ലട  ചോദ്യം ചെയ്യലിന് ഹാജരായി.

സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായായിരുന്നു പരിശോധന. യാത്രക്കാരുടെ ലഗേജ് കൂടാതെ അനധികൃതമായി ചരക്ക് കടത്തി, കെ.എസ്.ആര്‍.ടി.സി ബസുകളെപ്പോലെ വിവിധ ഇടങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റി തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇടപ്പള്ളിയിൽ വെച്ചായിരുന്നു പരിശോധന. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച നടപടികളില്‍ അമ്പതിലേറെ ബസുകളാണ് പരിശോധിച്ചത്. നിയമലംഘനം നടത്തിയവരില്‍ നിന്ന് പിഴയും ഈടാക്കി.

ജില്ലയിലെ ടിക്കറ്റ് ബുക്കിംഗ് ഓഫീസുകളില്‍ പലതും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കകം ലൈസന്‍സ് നേടിയില്ലെങ്കില്‍ ഈ ഓഫീസുകള്‍ അടപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. മതിയായ പെർമിറ്റില്ലാതെ സർവീസ് നടത്തിയ അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ സംസ്ഥാനമൊട്ടാകെ നടന്ന പരിശോ‌ധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് കല്ലട ഉൾപ്പെടെ 300 ഓളം ബസുകൾക്ക് പിഴ ഈടാക്കി. രണ്ടര ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ഈടാക്കിയത്. ആർ.ടി.ഒ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഓരോ സ്ഥലങ്ങളിലും നിർത്തി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നതിന് സ്റ്റേജ് കാര്യേജ് പെർമിറ്റാണ് ആവശ്യം. എന്നാല്‍ ഒരു ബസിനും ഈ പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. കല്ലട ബസിലെ ചില ഡ്രൈവർമാരിൽ നിന്ന് ലഹരി പാക്കറ്റുകളും കണ്ടെത്തി.

ബസുകളിൽ യാത്രക്കാരുടെ ബാഗുകൾക്ക് പുറമെ ഇരുചക്രവാഹനങ്ങൾ വരെ കടത്താറുണ്ട്. ഇതിന് അധിക നിരക്ക് ഈടാക്കും. നികുതി വെട്ടിപ്പിന് കാരണമാകുന്ന ചരക്കുകടത്തലും വ്യാപകമായി നടക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം. ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച കേസിൽ കല്ലട ബസുടമ സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലാണ് സുരേഷ് കല്ലട ചോദ്യം ചെയ്യലിന് ഹാജരായത്.

balgalorekeralabus
Comments (0)
Add Comment