കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് : രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം ഇന്ന്

webdesk
Tuesday, March 5, 2019

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാൻ തയാറാക്കിയ അന്തിമ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിക്കുക.

ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കൽ, അതിക്രമിച്ചു കടക്കൽ, പണം അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുളള റിപ്പോർട്ടിൽ ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത തിരിച്ചറിയാത്ത രണ്ടുപേരെയാണ് ആദ്യ രണ്ട് പ്രതികളാക്കി ഉൾപ്പെടുത്തിയിരിക്കുന്നത്. സെനഗലിൽ പിടിയിലായ ഇയാളെ രാജ്യത്തെത്തിക്കുന്നതിൻറെ ഭാഗമായിട്ടാണ് നടപടി.

കഴിഞ്ഞ ഡിസംബർ 15നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിൻറെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി സ്വകാര്യ ചാനലിലൂടെ രംഗത്തെത്തി. കൃത്യത്തിന് പിന്നിൽ രവി പൂജാരി തന്നെയാണ് തെളിഞ്ഞതോടെയാണ് ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം തയാറാക്കിയത്. അന്വേഷണം തുടരുകയാണെന്നും നിർണായക ഘട്ടിലാണെന്നും വെടിയുതിർത്തവരെയും ഗൂഡാലോചനയിൽ പങ്കെടുത്ത മറ്റുളളവരെയും കണ്ടെത്താനുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് കണ്ടെത്തൽ.[yop_poll id=2]