കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആഹ്ലാദപ്രകടനം ; കോട്ടയം മെഡിക്കൽ കോളേജിൽ 100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Jaihind Webdesk
Wednesday, April 21, 2021

 

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം ആഹ്ലാദപ്രകടനം നടത്തിയ 100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോളജ് പ്രിൻസിപ്പലിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നൽകും.

കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ എസ്എഫ്ഐ പ്രവർത്തകര്‍ ഒത്തുകൂടിയത്. ലൈബ്രറി സമുച്ചയത്തിന് മുന്‍പിലാണ് നൂറോളം വിദ്യാര്‍ഥികള്‍ ഒത്തുകൂടി ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൊവിഡ്  മാനദണ്ഡങ്ങളെക്കുറിച്ച്  നന്നായി അറിയുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രോട്ടോകോള്‍ ലംഘനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പിന്നാലെയാണ് കേസെടുത്തത്.