ക്വാറന്‍റൈന്‍ ലംഘനം : സി.പി.എം നേതാവിനെതിരെ കേസ്

അനുമതിയില്ലാതെ ചരക്ക് ലോറിയില്‍ കാസർകോട് ജില്ലയിലെത്തിയ വ്യക്തിയെ അതിര്‍ത്തിയില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന സി.പി.എം നേതാവിനെതിരെ പോലീസ് കേസെടുത്തു. പൊതുപ്രവർത്തകരായ ഇയാളും ഭാര്യയും നിരവധി പേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരവധി പേരെ നിരീക്ഷണത്തിൽ മാറ്റി. രോഗികളുടെ എണ്ണം കൂടുന്നതോടെ കാസര്‍കോട് ജില്ല വീണ്ടും ആശങ്കയിലാവുകയാണ്.

മുംബൈയില്‍ നിന്നും ചരക്ക് ലോറിയില്‍ മെയ് നാലിന് ജില്ലയിലെത്തിയ പൈവളിക സ്വദേശിക്ക് ഈ മാസം 11 ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളെ കുഞ്ചത്തൂരില്‍ നിന്നും സിപിഎം പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് കാറില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഈ പഞ്ചായത്ത് അംഗത്തിനും സിപിഎം പ്രാദേശിക നേതാവായ അവരുടെ ഭര്‍ത്താവിനും എട്ടും പതിനൊന്നും വയസ്സുള്ള രണ്ട് മക്കള്‍ക്കും വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നെത്തിയ വ്യക്തി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ പോയില്ലെന്നും ആരോപണമുണ്ട്. ദിവസങ്ങള്‍ക്ക് ശേഷം രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ നിന്നും കാറില്‍ കൂട്ടികൊണ്ട് വന്ന സി.പി.എം നേതാവും കുടുംബവും നിരീക്ഷണത്തില്‍ പോയില്ലെന്നും ആക്ഷപമുണ്ട്. ഇയാള്‍ ക്യാന്‍സര്‍ രോഗിയോടൊപ്പം മൂന്ന് തവണ ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. ഇയാള്‍ ജില്ലാ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡ്, ലാബ്, എക്‌സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് അംഗം പഞ്ചായത്തിലെത്തിയതായും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായും പറയുന്നു.

ഹോ ക്വാറെന്‍റീൻ ലഘിച്ചതിനും പലരുമായി സമ്പർക്കം പുലർത്തിയതിനുമാണ് പൊതുപ്രവർത്തകനെതിരെ മഞ്ചേശ്വരം പോലീസ് കേസ് എടുത്തത്

കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍റെയും ജനപ്രതിനിധിയായ ഭാര്യയുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ശ്രമകരമാണെന്നാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

Comments (0)
Add Comment