പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; നടപടി ആറ്റിങ്ങലിലെ വിദ്വേഷ പ്രസംഗത്തില്‍

Jaihind Webdesk
Thursday, April 18, 2019

PS-Sreedharan-Pillai

വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആറ്റിങ്ങല്‍ പോലീസാണ് കേസെടുത്തത്.

ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടനപത്രികയുടെ പ്രകാശനച്ചടങ്ങിലായിരുന്നു ശ്രീധരന്‍പിള്ള വിവാദ പരാമർശം നടത്തിയത്. ‘ബലാക്കോട്ട് ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുൽ ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻ പറ്റൂ.’  ഇതായിരുന്നു വിവാദ പരാമര്‍ശം. ഇതിനെതിരെയാണ് കോൺഗ്രസും മുസ്‌ലിം ലീഗും സി.പി.എമ്മും രംഗത്തെത്തിയത്.

ശ്രീധരന്‍ പിള്ളയുടെ പരാമർശം ജനപ്രാതിനിധ്യനിയമത്തിന്‍റെ ലംഘനമാണെന്നും നടപടി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയും ശുപാര്‍ശ ചെയ്തിരുന്നു.