തേങ്ങ ഇടാന്‍ വിലക്ക്; സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെ 9 പേർക്കെതിരെ കേസ്

 

കാസർഗോഡ്: പാലായിയിലെ ഊരുവിലക്കില്‍ സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തു. സ്വന്തം പറമ്പില്‍ നിന്നും തേങ്ങ ഇടാൻ അമ്മയെയും മകളെയും വിലക്കിയ സംഭവത്തിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. എം.കെ രാധയുടെ പറമ്പില്‍ നിന്നും തേങ്ങയിടുന്നത് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

സംഭവത്തില്‍  മൂന്ന് പരാതികളിലായി ഒമ്പത് പേർക്കെതിരെയാണ് കേസ്. പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലാണ് പോലീസ് നടപടി. സ്ഥലം ഉടമയുടെ കൊച്ചുമകൾ, തെങ്ങു കയറ്റ തൊഴിലാളി എന്നിവർ നൽകിയ പരാതികളിൽ 8 പേർക്കെതിരെയും അയൽവാസി നൽകിയ പരാതിയിൽ തെങ്ങു കയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പാലായിയിൽ അമ്മയ്ക്കും മകൾക്കും സിപിഎം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് പരാതി  ഉയർന്നത്. പാലായി സ്വദേശി രാധയും മകളുമാണ് ഊരുവിലക്കെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. പറമ്പിലെ തേങ്ങ പറിക്കാൻ തൊഴിലാളികളുമായി എത്തിയപ്പോൾ സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ ഇടപെട്ട് തൊഴിലാളികളെ തടഞ്ഞു. ഇത് ചോദ്യം ചെയ്ത തങ്ങളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നുമാണ് പരാതി. പരാതിക്കാരും സിപിഎം പ്രവർത്തകരും തമ്മിലുള്ള തർക്കത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സമീപത്തെ റഗുലേറ്റർ ബ്രിഡ്ജിന്‍റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രാധയും പ്രാദേശിക നേതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ സിപിഎം കടുത്ത പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

Comments (0)
Add Comment