പനാജി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഗോവയിലെ ബെതുലിൽ നിന്നുള്ള എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ഗോവ തീരത്തുനിന്ന് 80 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. മരിച്ചയാൾ ഫിലിപ്പീൻസ് സ്വദേശിയാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നത്. ജീവനക്കാർക്ക് തീ അണയ്ക്കാൻ സാധിക്കാതെ വന്നതോടെ വിവരം കോസ്റ്റ് ഗാർഡിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതിന് പിന്നാലെ കോസ്റ്റ് ഗാർഡിന്‍റെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഡെക്കിൽ തീ അതിവേഗം പടർന്ന് മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. കപ്പലിലെ 160 കണ്ടെയ്‌നറുകളിൽ 20 എണ്ണത്തിനാണ് തീപിടിച്ചത്. കാർവാറിലുള്ള ഇന്ത്യൻ നാവികസേനാ കപ്പലിനോട് സജ്ജരായിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. സമീപത്തുണ്ടായിരുന്ന മറ്റു രണ്ടു കപ്പലുകൾ കൂടി സംഭവ സ്ഥലത്തേക്കു തിരിച്ചു. നിരീക്ഷണത്തിനായി സേനയുടെ ഡോണിയർ വിമാനവും എത്തി. 21 ജീവനക്കാരാണ് ചരക്കുകപ്പലില്‍ ഉള്ളതെന്നാണ് വിവരം.