കാസറാഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽനിന്ന് ഭരണസമിതിയെ കബളിപ്പിച്ച് 4.76 കോടിയുടെ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാള്‍ക്കു കൂടി പ്രധാന പങ്കെന്ന് പോലീസ്. ബുധനാഴ്ച രാവിലെ തമിഴ്‌നാട് ഈറോഡിൽ പിടിയിലായ പ്രധാന പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് മൂന്നാമതൊരാൾ കൂടി സാമ്പത്തിക ഇടപാടുകൾക്ക് ഇടനിലനിന്നുവെന്ന് വ്യക്തമായത്. കോഴിക്കോട് രാമനാട്ടുകര സ്വദേശി നബീനാണ് ഇയാളെന്നും അന്വേഷണ സംഘം കണ്ടെത്തി.
പോലീസ് കസ്റ്റഡിയിലുള്ള സഹകരണസംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കെ. രതീശൻ, ജബ്ബാർ എന്ന അബ്ദുൾ ജബ്ബാർ മഞ്ചക്കണ്ടി എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. അബ്ദുൾ ജബ്ബാറുമായി രതീശന് വർഷങ്ങളുടെ ബന്ധമുണ്ട്. പല ഘട്ടങ്ങളിലായി ജബ്ബാറിന് രതീശൻ പണം മറിച്ച് നൽകിയത് സഹകരണസംഘത്തിൽ നിക്ഷേപത്തിനായാണെന്നാണ് മൊഴി നൽകിയിട്ടുള്ളത്. വ്യാജ എൻഐഎ ഉദ്യോഗസ്ഥൻ ചമഞ്ഞ് കാസറാഗോഡ് സ്വദേശികളിൽ നിന്നുൾപ്പെടെ ലക്ഷങ്ങൾ തട്ടിയെടുത്തത് നബീനാണെന്നും അന്വേഷണ സംഘം കണ്ടെത്തി.