തലസ്ഥാന നഗരിയില്‍ ഇനി സിനിമ മാമാങ്കം; 29-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

 

തിരുവനന്തപുരം: കേരളത്തിന്‍റെ 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. ഇതോടെ ഇനിയുള്ള 8 ദിനരാത്രികള്‍ അനന്തപുരിയുടെ മണ്ണ് ലോക സിനിമയെ കണ്ടറിയുവാനുള്ള ആസ്വാദന വേദിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കുന്ന ചടങ്ങിൽ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ഷബാന ആസ്മിയാണ് മുഖ്യാതിഥി.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്ന 14 ചലച്ചിത്രങ്ങൾ ഉൾപ്പടെ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് ഇക്കുറി കേരളത്തിന്‍റെ രാജ്യന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുക. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ചിത്രമായ ഐ ആം സ്റ്റിൽ ഹിയറാണ് മേളയുടെ ഉദ്ഘാടന ചിത്രം.

മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും മേളയിൽ മാറ്റുരയ്ക്കും. ലോക സിനിമാ വിഭാഗത്തിൽ 63 സിനിമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യദിനത്തിൽ ഉദ്ഘാടന ചിത്രം ഉൾപ്പെടെ 11 ചലച്ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അന്താരാഷ്ട്ര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ് മേളയുടെ പ്രധാന ആകർഷണമാണ്. അർമേനിയൻ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിക്കും. അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ഷബാന ആസ്മിയെ ചടങ്ങിൽ ആദരിക്കും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. പതിമൂവായിരത്തോളം ഡെലിഗേറ്റുസുകളാണ് ചലച്ചിത്രമേളയ്ക്ക് ഒത്തുകൂടുന്നത്. നൂറിലേറെ വിഖ്യാത ചലച്ചിത്ര പ്രവർത്തകർ മേളയിൽ വിവിധ ദിനങ്ങളിൽ അതിഥികളായെത്തും.

Comments (0)
Add Comment