മുനമ്പം ഭൂമി തര്‍ക്കം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: മുനമ്പം ഭൂമി തര്‍ക്കത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല യോഗം ഇന്ന് നടക്കും.ഇതിനിടയില്‍ സര്‍ക്കാര്‍ ചില സമവായ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയാണ്. ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നതും ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും. അന്തിമ തീരുമാനം ഇന്ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ ഉണ്ടാകും.

പ്രശ്‌നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ ലത്തീന്‍ സഭാ മെത്രാന്‍ സമിതിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി ചില സമമായ ധാരണകളിലേക്ക് എത്തിയിരുന്നു. മുനമ്പം തര്‍ക്കത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വേഗം അഴിക്കണമെന്നാണ് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കും. ഫറൂക്ക് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് കോഴിക്കോട് ആസ്ഥാനമായ ട്രിബ്യൂണല്‍ പരിഗണിക്കുക.

Comments (0)
Add Comment