പേര് പ്രദർശിപ്പിക്കാന്‍ കടയുടമകളെ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി; കാവഡ് യാത്രയിലെ വിവാദ ഉത്തരവില്‍ സ്റ്റേ തുടരും

 

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ കാവഡ് യാത്ര കടന്നുപോകുന്ന വഴിയിലെ നിയന്ത്രണങ്ങൾക്കുള്ള സുപ്രീം കോടതി സ്റ്റേ തുടരും. തീര്‍ത്ഥയാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാറുകളുടെ വിവാദ ഉത്തരവ്. ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. ഇന്ന് വീണ്ടും ഹർജി പരിഗണിക്കവെ തിങ്കളാഴ്ചത്തെ ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കി. കട ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

കാവഡ് യാത്ര സമാധാനപരമായി നടത്താനും തീർത്ഥാടകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാനും വേണ്ടിയായിരുന്നു ഉത്തരവെന്നായിരുന്നു ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയില്‍ അറിയിച്ച സത്യവാങ്മൂലം. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉത്തർപ്രദേശില്‍ ഉയർന്നത്. കച്ചവടക്കാർ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുമായാണ് യോഗിയുടെ വിചിത്ര ഉത്തരവിനെതിരെ പ്രതികരിച്ചത്. വിദ്വേഷത്തിന്‍റെ വിപണിയില്‍ സ്നേഹത്തിന്‍റെ കട തുറക്കാം എന്ന വാചകങ്ങളെഴുതിയ പോസ്റ്ററുകള്‍ കടകള്‍ക്ക് മുന്നില്‍ പതിപ്പിച്ചു. ജാതിഭേദമെന്യെ മുസ്‌ലിം, ഹിന്ദു സമുദായത്തിലുള്ള വ്യാപാരി സമൂഹം ഒറ്റക്കെട്ടായി രംഗത്തുവന്നതും യോഗി സർക്കാരിന് താക്കീതായിരുന്നു.

Comments (0)
Add Comment