വി.കെ പ്രശാന്തിന്‍റെ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വം ബി.ജെ.പിയെ സഹായിക്കാനാണെന്ന് സൂചന

Jaihind News Bureau
Thursday, September 26, 2019

മേയർ വി.കെ പ്രശാന്തിന്‍റെ വട്ടിയൂർക്കാവിലെ സ്ഥാനർത്ഥിത്വം ബി.ജെ.പിയെ സഹായിക്കാനാണെന്ന് സൂചന. എസ്.എൻ.സി ലാവലിൻ കേസുമായി ബന്ധപ്പെട്ട പാക്കേജിന്‍റെ ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കം നടക്കുന്നത്. അതേ സമയം വി കെ പ്രശാന്തിന്‍റെ സ്ഥാനാർത്ഥിത്വത്തിന് എതിരെ ഉള്ള അലയൊലികൾ സി.പി.എം ജില്ല ഘടകത്തിൽ കെട്ടടങ്ങിയിട്ടില്ല.

എസ് എന്‍ സി ലാവലിന്‍ കേസ് ഒക്ടോബര്‍ ഒന്നിന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. വി.കെ. പ്രശാന്തിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത് ഇതിന്‍റെ ഭാഗമായാണ്. ഇടതു സ്ഥാനാര്‍ത്ഥി ദുര്‍ബലന്‍ ആയാല്‍ ബിജെപിയ്ക്ക് സഹായകരമാകും. ഇക്കാരണത്താല്‍ തന്നെയാണ് പ്രശാന്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അംഗീകരിച്ചത്.

ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ മൊഴി നല്‍കിയ കെ.എം. എബ്രഹാമിനെ കിഫ്ബി സിഇഒ ആയി നിയമിച്ചത് ലാവലിന്‍ കേസില്‍ ഒത്തുതീര്‍പ്പിന്‍റെ ഭാഗമായാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഉപതെരഞ്ഞെടുപ്പിലും നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടിക്കുള്ളിലെ എതിർപ്പ് മറികടന്ന് പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കുന്നതും ലാവലിന്‍ പാക്കേജിന്‍റെ ഭാഗമാണെന്നാണ് ആരോപണം. അതേസമയം, വി.കെ. പ്രശാന്തിന്‍റെ സ്ഥാനാർത്ഥിത്വത്തിന് എതിരെ സിപിഎം ജില്ലാ ഘടകത്തില്‍ ഉണ്ടായിരിക്കുന്ന അപശ്രുതി തുടരുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ വിയോജിപ്പ് മറികടന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പിന്തുണയില്‍ വി.കെ. പ്രശാന്ത് സ്ഥാനാർത്ഥിയായി.

ഖസാക്കിസ്ഥാനില്‍ വിദേശ പര്യടനത്തിന് പോകുംമുമ്പ് കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രിയുമായും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ധാരണയായത്. തുടർന്ന് മേയറുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിക്കുകയും ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയും ചെയ്തു. ഏതായാലും ബിജെപിയ്ക്ക് വഴിയൊരുക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം പുകയുകയാണ്.