ന്യൂഡല്‍ഹി :രാജ്യത്ത് കൊവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാംതരം പരീക്ഷയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജൂണ്‍ വരെ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പത്താംതരം പരീക്ഷ റദ്ദാക്കിക്കൊണ്ടുളള പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പ്രിയങ്കയുടെ ട്വീറ്റ്.
‘പത്താതരം പരീക്ഷ റദ്ദാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ട്, എന്നാല്‍ പന്ത്രണ്ടാം ക്ലാസുകാരുടെ കാര്യത്തിലും ഒരു അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ജൂണ്‍ വരെ വിദ്യാര്‍ഥികളെ അനാവശ്യമായി സമ്മര്‍ദത്തിലാക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. അത് അനീതിയാണ്. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.’ പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.
സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് പ്രിയങ്ക കത്ത് അയച്ചിരുന്നു. വിദ്യാര്‍ഥികളുടെയും പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ വീട്ടുകാരുടെയും സുരക്ഷയെ ചൊല്ലിയാണ് അവര്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ എഴുത്തുപരീക്ഷയ്ക്ക് പകരം ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയും ആ രീതി പിന്തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയും പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.