പത്തനംതിട്ട കാനറ ബാങ്കിലെ എട്ടര കോടി രൂപയുടെ തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്ക് പങ്ക് ഉണ്ടോ എന്നത് പൊലീസ് അന്വേഷിക്കുന്നു. ബംഗളുരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെ പത്തനംതിട്ടയിൽ എത്തിച്ചു. ഞായറാഴ്ചയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
8 കോടി 13 ലക്ഷം രൂപയാണ് ബാങ്കിലെ കാഷ്യറായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് തട്ടിയെടുത്തത്. മറ്റ് ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന ബംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടുകയായിരുന്നു. ഫെബ്രുവരി പതിനൊന്നാം തീയതി ഭാര്യക്കും മക്കള്‍ക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് കാറില്‍ പുറപ്പെട്ട് എറണാകുളത്തെത്തി. കാര്‍ അവിടെ ഉപേക്ഷിച്ചു. തുടര്‍ന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയില്‍ താമസിക്കാന്‍ പദ്ധതിയിട്ടുവെങ്കിലും പിന്നീട് ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു.
ബാങ്കിലെ ക്ലാര്‍ക്ക് കം കാഷ്യറായാണ് ആവണീശ്വരം വിജീഷ് വര്‍ഗീസ് ജോലി ചെയ്തിരുന്നത്. 2002 മുതൽ 2017 ജൂലായ് വരെ ഇന്ത്യൻ നേവിയിൽ പെറ്റി ഓഫീസറായിരുന്നു വിജീഷ്. ജോലിയിൽനിന്ന് വിരമിച്ചശേഷം 2017 സെപ്റ്റംബറിലാണ് കൊച്ചി സിൻഡിക്കേറ്റ് ബാങ്കിൽ പ്രൊബേഷനറി ക്ളാർക്കായി നിയമിക്കപ്പെടുന്നത്. 2019 ജനുവരിയിലാണ് പത്തനംതിട്ട ബ്രാഞ്ചിലേക്കെത്തിയത്. ഏപ്രിലിൽ സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചിരുന്നു. പ്രതിയുടെ പൂര്‍വകാല ചരിത്രം അന്വേഷണഉദ്യേഗസ്ഥരെയും അമ്പരപ്പിച്ചിട്ടുണ്ട്.
കനറാ ബാങ്കിന്‍റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ദീര്‍ഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് കൈക്കലാക്കിയത്. സ്ഥിരം നിക്ഷേപങ്ങളിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലെ പണവും ആണ് നഷ്ടപ്പെട്ടത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയത്.