ഇന്ത്യയിൽ നിന്നുളള വിമാനങ്ങൾക്ക് കാനഡയില്‍ വിലക്ക് ; നിയന്ത്രണം ഒരുമാസത്തേക്ക്

Jaihind Webdesk
Friday, April 23, 2021

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് കാനഡ വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗവ്യാപനത്തെ തുടർന്ന്   30 ദിവസത്തേയ്ക്കാണ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്.  ചരക്ക് വിമാനങ്ങള്‍ക്ക് വിലക്കില്ല.

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നതോടെയാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാനഡ തീരുമാനിച്ചത്. നിയന്ത്രണം താല്‍ക്കാലികമാണെന്നും സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വിലക്ക് നീക്കുമെന്നും കാനഡ ഗതാഗത മന്ത്രി അറിയിച്ചു.

ഇന്ത്യയിൽ നിന്നുളള വിമാനങ്ങൾക്ക് യുഎഇയിലും വിലക്കേർപ്പെടുത്തിയിരുന്നു. ഏപ്രിൽ 24 ശനിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തില്‍ വരും. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കില്ലെന്നാണ് സൂചന. 10 ദിവസത്തേക്കാണ് നിയന്ത്രണം. പിന്നീട് പുന:പരിശോധിക്കും.