കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; പിടികിട്ടാപ്പുള്ളി ഡല്‍ഹിയില്‍ പിടിയില്‍

Jaihind Webdesk
Friday, January 25, 2019

ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പിടികിട്ടാപുള്ളിയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അഷര്‍ പിടിയിലായി. ദീര്‍ഘനാളായി ഒളിവിലായിരുന്ന ഇയാളെ ദുബായില്‍ നിന്ന് ദല്‍ഹിയില്‍ തിരിച്ച് എത്തിയപ്പോഴായാണ് എന്‍ ഐ എ പിടികൂടിയത്. ഇയാള്‍ക്കെതിരെ നേരത്തെ എന്‍ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2006 മാര്‍ച്ച് മൂന്നിന്ന് കോഴിക്കോട് കെഎസ് ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്റിനു സമീപവും സ്‌ഫോടനങ്ങള്‍ നടന്നത്. ഇതില്‍ രണ്ടാം പ്രതിയാണ് അഷര്‍.

നേരത്തെ കേസിലെ മുഖ്യ പ്രതികളായ തടിയന്റെ വിട നസീര്‍, സര്‍ഫാസ് എന്നിവര്‍ക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചിരുന്നു. മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടത്തിനെ തുടര്‍ന്നാണ് പ്രതികള്‍ സ്‌ഫോടനം നടത്തിയതെന്നാണ് എന്‍ ഐ എ കണ്ടെത്തിയത്. അസറിന് പുറമെ ഒളിവില്‍ കഴിയുകയായിരുന്ന പി പി യൂസഫും ഗൂഡാലോചനയില്‍ പങ്കാളിയാണ്. അഷര്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. ഇയാളെ ദല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വരും.