സംസ്ഥാന സർക്കാരിന്‍റെ ധനസ്ഥിതി സംബന്ധിച്ച വിവരത്തിൽ ധനവകുപ്പ് രേഖപ്പെടുത്തിയത് കള്ളക്കണക്ക്. സിഎജി റിപ്പോർട്ടിലാണ് സർക്കാരിന്‍റെ കള്ളക്കളി പുറത്തായത്. സംസ്ഥാനത്തിന്‍റെ ധനകമ്മിയും റവന്യം കമ്മിയും കുറച്ച് കാണിച്ച് എന്നാണ് സി.എ.ജി കണ്ടത്തിയിരിക്കുന്നത്.സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറച്ച് വക്കാനാണ് കള്ളക്കണക്കുകൾ നിരത്തിയത്. സിഎജി റിപ്പോർട്ടിന്‍റെ പകർപ്പ് ‘ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.
2017-18 സാമ്പത്തിക വർഷത്തെ സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച സിഎജിയുടെ ഫിനാന്‍സ് അക്കൗണ്ട്‌സിലാണ് സർക്കാരിന്‍റെ കള്ളക്കളി അക്കമിട്ടു പറയുന്നത്. ധനകമ്മിയുടെയും റവന്യൂ കമ്മിയുടെയും സ്ഥാനത്ത് സർക്കാർ രേഖപ്പെടുത്തിയത് കള്ളക്കണക്കായിരുന്നു എന്നാണ് സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ 26,837 കോടിയുടെ ധനകമ്മിയും 16,928 കോടിയുടെ റവന്യൂ കമ്മിയുമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ളതലിനേക്കാള്‍ 8892 കോടിയുടെ റവന്യൂകമ്മി ധനവകുപ്പ് കുറച്ച് കാണിക്കുകയായിരുന്നു. ധന കമ്മിയാകട്ടെ 9,378 കോടിയായും കുറച്ചു രേഖപ്പെടുത്തി. യഥാർത്ഥ കണക്ക് അനുസരിച്ച് റവന്യൂ കമ്മി 25,820 കോടിയായും ധന കമ്മി 36,215 കോടിയായും ഉയരും.
സംസ്ഥാനം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഈ കണക്കുകൾ പരിശോധിക്കുന്ന ആർക്കും വ്യക്തമാകും. സ്‌പെഷ്യല്‍ ട്രഷറി സേവിംഗസ് ബാങ്ക് അക്കൗണ്ടിലുള്ള തെറ്റായ കണക്കുകളിലൂടെയാണ് കമ്മി കുറച്ചു കാണിച്ചത്. സ്‌പെഷ്യല്‍ ട്രഷറി സേവിംഗസ് ബാങ്ക് അക്കൗണ്ട് നിക്ഷേപത്തിന്റെ മറവിലാണ് വ്യാപകമായ തിരിമറി കണക്കില്‍ നടത്തിയതെന്നും സി.എജിയുടെ പരിശോധനയിൽ വ്യക്തമായി. വിവിധ വകുപ്പുകള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ അനുവദിച്ച തുക നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ഈ തുക സ്‌പെഷ്യല്‍ ട്രഷറി സേവിംഗസ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന് കണക്കുണ്ടാക്കി. പിന്നീട് ഈ തുക ഇവിടെ നിന്നും പിന്‍വലിച്ചു. പിന്‍വലിച്ച തുക ഏതെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് ചട്ടമെങ്കിലും ഇവിടെ അതുണ്ടായിട്ടില്ലന്നും സി.എ.ജി കണ്ടെത്തി. നല്‍കാന്‍ പണമില്ലാത്തതിനാലാണ് ഇത്തരം തിരിമറി നടത്തിയതെന്നാണ് വ്യക്തമാകുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന യാഥാർത്ഥ്യം മറച്ചു വക്കാനാണ് ധനവകുപ്പ് കള്ളക്കണക്കുകൾ നിരത്തിയത്. സർക്കാരിന്‍റെ ധനസ്ഥിതി തെറ്റായി രേഖപ്പെടുത്തിയതിലൂടെ ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.