കിഫ്‌ബിയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത് : അദാനിയുമായി ബന്ധമുള്ള കമ്പനിക്ക് കൂടിയ തുകയ്ക്ക് ക്വട്ടേഷൻ നല്‍കിയെന്ന് സിഎജി

Jaihind Webdesk
Thursday, November 18, 2021

കിഫ്‌ബിയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. മസാല ബോണ്ടിലെ, കിഫ് ബിയുടെ ഡൊമസ്റ്റിക്ക് ലീഗൽ കൗൺസിൽ ആയിരുന്ന സിറിൾ അമർചന്ദ് മംഗൾ ദാസ് എന്ന ഏജൻസിക്ക് നൽകിയത് ക്വട്ടേഷൻ നിരക്കിനേക്കാൾ കൂടുതൽ തുക നൽകി.
അദാനിയുമായി ബന്ധമുള്ള ഏജൻസിയാണ് സിറിൾ അമർചന്ദ് മംഗൾ ദാസ്. സി എ ജി സ്പെഷ്യൽ ഓഡിറ്റിലാണ് വിവരങ്ങൾ പുറത്തായത്.

കിഫ്‌ബിയിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്ത് വരികയാണ്. അദാനിയുമായി ബന്ധമുള്ള സിറിൾ അമർചന്ദ് മംഗൾ ദാസ് എന്ന ഏജൻസിക്ക് ക്വട്ടേഷൻ തുകയേക്കാൾ കൂടുതൽ തുക നൽകി എന്നാണ് സി എ ജിയുടെ കണ്ടെത്തൽ. മസാല ബോണ്ടിലെ കിഫ് ബിയുടെ ഡൊമസ്റ്റിക്ക് ലീഗൽ കൗൺസിൽ ആയിരുന്നു സിറിൾ അമർചന്ദ് മംഗൾ ദാസ് എന്ന ഏജൻസി. 13.75 ലക്ഷം രൂപയ്ക്ക് ക്വട്ടേഷനിലൂടെയാണ് ഈ ഏജൻസി കിഫ് ബിയുടെ നിയമ ഉപദേശകരായത്. എന്നാൽ ഇവർക്ക് 21,39,408 രൂപ കിഫ് ബി നൽകിയെന്നാണ് സി എ ജി യുടെ കണ്ടെത്തൽ . 7,64, 408 രൂപ യാണ് കൂടുതലായി കിഫ് ബി ഈ കമ്പനിക്ക് നൽകിയത്. ക്വട്ടേഷൻ തുകയേക്കാൾ കൂടുതൽ തുക നൽകിയത് നീയമ വിരുദ്ധമാണെന്നാണ് സി.എ ജി തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. കമ്പനി അധികമായി ചെയ്ത ജോലിക്കാണ് കൂടുതൽ തുക നൽകിയതെന്നാണ് കിഫ് ബിയുടെ വാദം. എന്നാൽ ഇത് സിഎജി അംഗീകരിച്ചില്ല.

ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരിധി അദാനി സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനിയിലെ പാർട്ട്ണറാണ്. തിരുവനന്തപുരം വിമാനതാവളം സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട കൺസൾട്ടൻസി ലഭിച്ചതും സിറിൾ അമർചന്ദ് മംഗൾ ദാസ് കമ്പനിക്കായിരുന്നു.

കിഫ് ബി യിലെ അഴിമതികളെ കുറിച്ച് പറയുന്നവർ സാഡിസ്റ്റുകളാണന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ക്രമക്കെടുകളെ കുറിച്ചുള്ള സി എ ജി യുടെ കണ്ടെത്തലുകൾ പുറത്ത് വന്നതോടെ അങ്ങനെ ഒരു റിപ്പോർട്ടില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ബാലഗോപാലിന്റെയും വാദങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്.