ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭാ യോഗം സ്വകാര്യ ഹോട്ടലില്‍; ധൂർത്തിന്‍റെ പുതുവഴികള്‍ തേടി സർക്കാർ

 

കണ്ണൂർ: കേരള ചരിത്രത്തിൽ ആദ്യമായി സംസ്ഥാന മന്ത്രിസഭാ യോഗം സ്വകാര്യ ഹോട്ടലിൽ. തലശേരിയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ ആണ് നവകേരള സദസിനോടനുബന്ധിച്ചുളള മന്ത്രിസഭാ യോഗം ചേർന്നത്. തലശേരിയിലും കണ്ണൂരിലും സർക്കാർ റസ്റ്റ് ഹൗസും ആധുനിക ഓഫീസ് കെട്ടിടങ്ങളും ഉള്ളപ്പോഴാണ് സ്വകാര്യ ഹോട്ടലിൽ മന്ത്രിസഭാ യോഗം ചേർന്നത്.

തലശേരി കൊടുവള്ളിയിൽ ദേശീയ പാതയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലിൽ ആണ് ഇന്ന് മന്ത്രിസഭാ യോഗം ചേർന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മന്ത്രിസഭാ യോഗം തലശേരിയിൽ ചേരുന്നുവെന്ന് കൊട്ടിഘോഷിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നത്. രാവിലെ 9 മണിയോട് കൂടി മന്ത്രിസഭാ യോഗം ആരംഭിച്ചു. തലശേരിയിൽ സർക്കാർ റസ്റ്റ്ഹൗസും, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സർക്കാർ ഓഫീസ് സമുച്ചയവും നിലവിൽ ഉള്ളപ്പോഴാണ് സ്വകാര്യ ഹോട്ടലിലെ മന്ത്രിസഭാ യോഗം.

സംസ്ഥാന സർക്കാരിന്‍റെ സമ്പൂർണ്ണ മന്ത്രിസഭാ യോഗം സ്വകാര്യ ഹോട്ടലിൽ ചേർന്നതിന്‍റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും ധൂർത്തിന് പലവഴികള്‍ തേടുകയാണ് സർക്കാർ. മന്ത്രിസഭാ യോഗം സ്വകാര്യ ഹോട്ടലിൽ ചേർന്നതിനെ തുടർന്ന് നവകേരള സദസുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.

 

Comments (0)
Add Comment