ഐ.ടി പാര്‍ക്കുകളിലും ഇനി മദ്യം ഒഴുകും; പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

Jaihind Webdesk
Wednesday, March 30, 2022

തിരുവനന്തപുരം: എല്ലാ മേഖലകളിലും മദ്യം ഒഴുക്കുന്ന പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ ഐ.ടി പാർക്കുകളിൽ ഇനി ബാറും പബ്ബും വരും. പുതിയ ബിവറേജ് ഔട്ട്ലെറ്റുകളും ആരംഭിക്കും. ഇടതു മുന്നണിയിൽ കാര്യമായ ചർച്ച കൂടാതെയാണ് മദ്യനയത്തിന് അംഗീകാരം നൽകിയത്.

ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവർക്ക് മദ്യം ലഭിക്കാനുള്ള നടപടികൾ ആരംഭിക്കും. ഐടി പാർക്കുകൾക്കുള്ളിലെ റസ്റ്റോറന്‍റുകളിലൂടെ  മദ്യം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കും. പുറത്തുനിന്നുള്ളവർക്ക് ഇവിടെ പ്രവേശനമുണ്ടാകില്ല. കൂടുതല്‍ മദ്യശാലകള്‍ വരും. നൂറിലധികം മദ്യശാലകള്‍ക്ക് പുതുതായി അനുമതി നല്‍കിയേക്കും. ബിവറേജസിന് കൂടുതൽ ഔട്ട്ലെറ്റുകൾ ആരംഭിക്കും.  നിലവിലെ ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടാനും ധാരണ.

ടൂറിസം മേഖലകളിൽ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കുന്നതിനോടൊപ്പം വിമാനത്താവളങ്ങളില്‍ പ്രീമിയം കൗണ്ടറുകളും തുറക്കും. കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പുതിയ മദ്യനയത്തിൽ ശുപാർശ ചെയ്യുന്നു. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതിൽ തീരുമാനമെടുത്തില്ല. എല്ലാ മാസവും  ഒന്നാം തീയതി ഡ്രൈ ഡേ തുടരും. ഇടതുമുന്നണിയില്‍ കാര്യമായ ചർച്ചയില്ലാതെയാണ് പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സിപിഎമ്മില്‍ മാത്രമാണ് വിശദമായ ചർച്ച നടന്നത്.