പോക്സോ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ നല്കാന് വ്യവസ്ഥചെയ്യുംവിധം നിയമത്തിലെ 4, 5, 6 വകുപ്പുകളാവും ഭേദഗതി ചെയ്യുന്നത്.
കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവച്ച് പീഡിപ്പിക്കുന്നത് തടയാനും കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നത് തടയാനും കര്‍ശന വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തും.കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈവശം വെയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കനത്ത പിഴയോടുകൂടിയ ശിക്ഷകളുും ഭേദഗതിയില്‍ നിര്‍ദ്ദേശിക്കുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്കാതിരിക്കലും കുറ്റകരമാകും. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗത്തിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ 40 വയസ്സുകാരന് മൂന്ന് വയസ്സുകാരിയെ ബലാത്സംഘം ചെയ്തതും കത്വയിലെ കൂട്ടബലാത്സംഗത്തിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ ആവശ്യത്തെ തുടർന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെ ഇടപെടലാണ് പുതിയ ഭേദഗതി തീരുമാനത്തില്‍ നിര്‍ണായകമായത്. സമീപകാലത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ചൂഷണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. ആഗോള തലത്തില്‍ നടന്ന പല സര്‍വേകളിലും പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.