മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് കോണ്‍ഗ്രസ് അംഗം. ന്യൂനപക്ഷ മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ആന്‍ഡ്രെ കാർസണ് കുറ്റപ്പെടുത്തി.
‘ഇന്ത്യയിലെ മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി കുറയ്ക്കുന്നതിനുള്ള മറ്റൊരു ആസൂത്രിത ശ്രമമാണ് പൗരത്വ ഭേദഗതി ബില്‍’ – കാർസണ് പറഞ്ഞു.
പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്ന വിവാദ ബില്‍ ബുധനാഴ്ചയാണ് രാജ്യസഭയിലും പാസാക്കിയത്. ലോക്സഭയില്‍ ബില്‍ തിങ്കളാഴ്ച പാസായിരുന്നു. നിലവില്‍ യു.എസ് കോണ്‍ഗ്രസില്‍ സേവനമനുഷ്ഠിക്കുന്ന മൂന്ന് മുസ്ലിം അംഗങ്ങളില്‍ ഒരാളാണ് കാർസണ്. കശ്മീരിന്റെ സവിശേഷ ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്രസർക്കാര്‍ നടപടിയിലും കാർസണ് ആശങ്ക പങ്കുവെച്ചു.
ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിന്റെ പദവിയിൽ ഏകപക്ഷീയമായ മാറ്റങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഇത് ഭാവിയില്‍ കശ്മീരിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അവഗണിക്കുന്ന അപകടകരമായ നീക്കമെന്നാണ് കശ്മീര്‍ നടപടിയെ കാർസണ് വിശേശിപ്പിച്ചത്. കശ്മീർ ജനതയുടെ ജനാധിപത്യ അവകാശത്തെ സർക്കാർ അവഗണിക്കുകയാണ് ചെയ്തത്. കശ്മീർ നടപടി ഇന്ത്യൻ ഭരണഘടനയുടെ സമ്പന്നമായ പാരമ്പര്യത്തെ ദുർബലപ്പെടുത്തിയെന്നും ഇത് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് തന്നെ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കാർസണ് പറഞ്ഞു.
നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്ത് യു.എസ് കമ്മീഷനും രംഗത്തെത്തിയിരുന്നു. രാജ്യാന്തര മതസ്വാതന്ത്ര്യത്തെ കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ കമ്മീഷനാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ബില്‍ അങ്ങേയറ്റം തെറ്റിദ്ധാരണ ജനകമാണെന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും യുഎസ് കമ്മീഷന് പറയുന്നു. രണ്ട് സഭകളിലും ബില്‍ പാസാകുകയാണെങ്കില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളെ ഉപരോധിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തെറ്റായ ദിശയിലേക്ക് നയിക്കും. ഇന്ത്യയുടെ മതേതരത്വത്തെയും നാനാത്വത്തെയും ബില്‍ ചോദ്യം ചെയ്യും. ഇന്ത്യൻ സർക്കാർ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വപരീക്ഷ നടത്തുകയാണ്. ഇതിലൂടെ മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന പ്രകിയയാണ് നടക്കുകയെന്നും യു.എസ് കമ്മീഷൻ വിമർശിച്ചു.