മോദിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു ; പൗരത്വനിയമം നടപ്പാക്കില്ല : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 15, 2021

 

കോട്ടയം : പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിപിസിഎൽ സ്വകാര്യവത്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയത് പരോക്ഷ വിമര്‍ശനം മാത്രമാണ്. ശക്തമായ പ്രതിഷേധം നടത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബി.പി.സി.എല്ലിന്‍റെ സ്വകാര്യവത്കരണത്തെ കുറിച്ച് മലയാളത്തില്‍ പറഞ്ഞു. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. വിൽക്കാൻ പോകുന്ന സ്‌ഥാപനത്തിന് വികസനം നടത്തിയാൽ ഗുണം വാങ്ങുന്ന സ്വകാര്യ കമ്പനിക്കാണ്. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ഇപ്പോഴത്തെ വികസനം. വിൽക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം മുഖ്യമന്ത്രി നടത്തണമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വബില്‍ നടപ്പാക്കില്ല. പൗരത്വബില്ലിനെതിരായ കേസുകള്‍ പിന്‍വലിക്കണം. നാമജപഘോഷയാത്ര അടക്കം ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന സമാധാനപരമായ സമരങ്ങളിലെ കേസുകളും പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രണ്ട് സമരത്തിലേയും കേസുകള്‍ പിന്‍വലിക്കും. പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴസുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നാട്ടില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെല്ലാം സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ മുഖ്യമന്ത്രിയായത് എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് പിന്‍വാതില്‍ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത് റാങ്ക് ലിസ്റ്റിലുളള തൊഴില്‍രഹിതരോടുളള വെല്ലുവിളിയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്ന ഫയലുകള്‍ കുന്നുകൂടി കിടക്കുമ്പോഴാണ് പാര്‍ട്ടിക്കാരേയും വേണ്ടപ്പെട്ടവരേയും കൂട്ടമായി സ്ഥിരപ്പെടുത്താനുളള ഫയലുകള്‍ ശരവേഗത്തില്‍ നീങ്ങിയത്. ഇതിനായി ശനിയും ഞായറും സെക്രട്ടറിയേറ്റ് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.