പൗരത്വ ഭേദഗതി നിയമം : സുപ്രീം കോടതിയെ സമീപിച്ചതില്‍ സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

Jaihind News Bureau
Sunday, January 19, 2020

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സർക്കാരിനോട് വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.

നേരത്തെ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഗവർണർ രംഗത്തെത്തിയിരുന്നു. ഭരണഘടനാ തലവനായ തന്നെ അറിയിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ ഗവർണര്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ സര്‍ക്കാരും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്.

എന്നാല്‍ ഗവർണറുമായി തുറന്ന യുദ്ധം ഒഴിവാക്കാനാണ് സർക്കാർ ശ്രമം. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് 10 ദിവസം മാത്രം ശേഷിക്കുന്ന പശ്ചാത്തലത്തിലാണിത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് വിഭജനം ലക്ഷ്യമിട്ട ഓര്‍ഡിനൻസിലും ഗവർണർ ഒപ്പിടാന്‍ വിസമ്മതിച്ചു. നിയമസഭ ചേരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തിടുക്കപ്പെട്ട് ഓർഡിനന്‍സ് ഇറക്കാനുണ്ടായ അടിയന്തര സാഹചര്യം എന്തെന്ന് ചോദിച്ച ഗവർണർ തനിക്ക് വ്യക്തത വരാത്ത ഒരു കാര്യത്തിലും ഒപ്പ് വെക്കില്ലെന്നും നിലപാടെടുത്തു. ഗവർണറുമായി തുറന്ന ഏറ്റുമുട്ടലിൽ നിന്ന് പിൻവാങ്ങാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണിത്.