റഫാൽ കരാർ അഴിമതിയുടെ ചിറകുവിരിച്ച് ബി.ജെ.പിക്ക് മുകളിൽ പറക്കുന്നതിനിടെ അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ നാലിടങ്ങളിലും കോൺഗ്രസിന് മുൻതൂക്കമെന്ന് സീ വോട്ടർ സർവെ. ജൂലൈ ആദ്യവാരത്തിൽ ആംഭിച്ച് നവംബർ ഒമ്പതിന് അവസാനിച്ച സർവേയുടെ ഫലം ഏറെ നിർണായകമാണ്. മങ്ങുന്ന മോദി പ്രഭാവവും ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടിയും ബി.ജെ.പിക്ക് വിനയാകുമ്പോൾ പ്രതീക്ഷ നൽകുന്ന യുവനേതൃത്വത്തെയാണ് കോൺഗ്രസ് മിക്ക സംസ്ഥാനങ്ങളിലും മുന്നോട്ടു വെക്കുന്നത്.
സച്ചിന്‍ പൈലറ്റ്
രാജസ്ഥാനിൽ കോൺഗ്രസിന് ‘രാജയോഗം’
ഭരണതലത്തിലെ കടുത്ത അഴിമതിയും മുഖ്യമന്ത്രി വസുന്ധരരാജയോടുള്ള എതിർപ്പുമാണ് രാജസ്ഥാനിൽ കോൺ്രഗസിന്‍റെ അനുകൂല ഘടകങ്ങളിലൊന്ന്. ഹിന്ദി ഹൃദയഭൂമിയിൽ സച്ചിൻ പൈലറ്റിന്‍റെ ചടുല നേതൃത്വവും കോൺഗ്രസ് ഉപയോഗപ്പെടുത്തിയതോടെ വമ്പൻ തെരെഞ്ഞെടുപ്പ് വിജയത്തിലേക്കാണ് പാർട്ടി നീങ്ങുന്നത്. കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാൻ കഴിയാത്ത ബി.ജെ.പി നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജയെ തന്നെ മുന്നിൽ നിർത്തിയാണ് തെരെഞ്ഞെടുപ്പിനൊരുങ്ങുന്നത്. ബി.ജെ.പിക്ക് 39.7 ശതമാനം വോട്ടുവിഹിതം രേഖപ്പെടുത്തുമ്പോൾ കോൺഗ്രസിന് 47.9 ശതമാനമാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ബി.ജെ.പിയിലെ പടലപ്പിണക്കങ്ങൾ കാരണം നിലവിൽ എട്ട് ശതമാനം വോട്ട് വിഹിതം കോൺഗ്രസിന് വർധിക്കുമെന്നും കരുതപ്പെടുന്നു. തെരെഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയിൽ നിന്നും നിരവധി പ്രമുഖരാണ് കോൺഗ്രസിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ അഞ്ച് മേഖലകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് വിജയിച്ചു കയറുമെന്നും സർവ്വേ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടപ്പെടുന്ന വസുന്ധര രാജെയ്ക്ക് 22.7 ശതമാനം വോട്ട് ലഭിക്കുമ്പോൾ സച്ചിൻ പൈലറ്റിന് 38.7 ശതമാനം വോട്ടാണ് ലഭിക്കുന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ സമുന്നത നേതാവുമായ അശോക് ഗഹലോട്ടിന് 20.5 ശതമാനം വോട്ടും ലഭിച്ചിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ
മധ്യപ്രദേശിൽ ‘ജ്യോതിപ്രയാണം’
കഴിഞ്ഞ 15 വർഷമായി മധ്യപ്രദേശിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്കെതിരെ നിലനിൽക്കുന്ന ഭരണവിരുദ്ധവികാരം രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺ്രഗസിന് കഴിഞ്ഞാൽ താമരയുടെ തണ്ടൊടിയും. ജ്യോതിരാദിത്യ സിന്ധ്യയിലൂടെ ഊർജസ്വലത തുളുമ്പുന്ന നേതൃത്വം കോൺ്രഗസിന് കരുത്തു പകരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന മധ്യപ്രദേശിൽ കോൺ്രഗസിന് നേരിയ മുൻതൂക്കത്തിനുള്ള സാധ്യതകളും ഉരുത്തിരിഞ്ഞേക്കും. നിലവിൽ ബി.ജെ.പിക്ക് 41.5 ശതമാനം വോട്ടുവിഹിതം ലഭിക്കുമ്പോൾ കോൺഗ്രസിന് 42.3 ശതമാനം വോട്ടുവിഹിതമാണ് പ്രതീക്ഷിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രദേശിക വികാരങ്ങളും മറ്റു പല ഘടകങ്ങളും കോൺഗ്രസിന് അനുകൂലമായേക്കുമെന്ന വിലയിരുത്തലാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബി.ജെ.പിയുടെ സ്ഥാനാർഥി ശിവ്‌രാജ് സിംഗ് ചൗഹാന് 37.4 ശതമാനം വോട്ട് ലഭിക്കുമ്പോൾ കോൺഗ്രസിന്‍റെ ജ്യോതിരാദിത്യ സിന്ധ്യ 41.6 ശതമാനം വോട്ട് നേടി ഏറെ മുന്നിലാണ്.
ചത്തീസ്ഗഢ് ഉദ്വേഗഭരിതം
രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ചത്തീസ്ഗഢിൽ തെരെഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഉദ്വേഗം നിറഞ്ഞു നിൽക്കും. കോൺഗ്രസിനും ബി.ജെ.പിക്കും പുറമേ അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് – ബി.എസ്.പി സഖ്യവുമാണ് മത്സരരംഗത്തുള്ളത്. നിലവിൽ 42.2ശതമാനം വോട്ടുവിഹിതം കോൺഗ്രസിന് ലഭിക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. ആകെയുള്ള മൂന്ന് മേഖലകളിൽ കോൺഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുമ്പോള്‍ അജിത് ജോഗി- ബി.എസ്.പി സഖ്യം പിടിക്കുന്നത് ആരുടെ വോട്ടുകളാവുമെന്നതാവും വിജയം നിർണയിക്കുന്ന ഘടകം.
തെലുങ്കാനയിൽ കോൺഗ്രസ് -ടി.ഡി.പി സഖ്യം മുന്നേറ്റത്തിൽ
കാലാവധി പൂർത്തിയാകും മുമ്പ് നിയമസഭ പിരിച്ചുവിട്ട് തെരെഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ചന്ദ്രശേഖരറാവുവിനും ടി.ആർ.എസിനും കോൺഗ്രസ്- ടി.ഡി.പി സഖ്യം കനത്ത വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. നിലവിൽ 33.9 ശതമാനമാണ് തെലുങ്കാനയിലെ കോൺഗ്രസിന്‍റെ വോട്ടുവിഹിതം. 29.4ശതമാനം വോട്ടുകൾ ടി.ആർ.എസ് നേടുമെന്ന് സർവേ പറയുമ്പോൾ ബി.ജെ.പിക്ക് പ്രതീക്ഷിക്കുന്നത് 13.5ശതമാനം വോട്ടുകൾ മാത്രമാണ്. 4.5 ശതമാനം കൂടുതൽ വോട്ടുകൾ നിലവിൽ കോൺ്രഗസിന് അനുകൂലമായി വരുമ്പോൾ ടി.ആർ.എസും ബി.ജെ.പിയും വിയർക്കുകയാണ്.
ലാൽ തൻഹാവാല
മിസോറാമിൽ പോരാട്ടം കടുക്കും
കോൺഗ്രസിന് പുറമേ മിസോ നാഷണൽ ഫ്രണ്ടും സോറാം പീപ്പിൾസ് മൂവ്‌മെന്‍റും കൊമ്പുകോർക്കുന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം നടത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. വോട്ടുവിഹിതത്തിൽ കുറവുവന്നിട്ടുെണ്ടങ്കിലും കോൺഗ്രസിന്‍റെ ലാൽ തൻഹാവാല തന്നെയാണ് ഇപ്പോഴും ജനപ്രിയ മുഖ്യമന്ത്രിയെന്ന് സർവേ ഫലം പറയുന്നു. 27.3 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. തൊട്ടു പിന്നിൽ നിലയുറപ്പിച്ചിട്ടുള്ള മിസോ നാഷണൽ ഫ്രണ്ടിന് 25.4ശതമാനവുമാണ് ലഭിച്ചിട്ടുള്ളത്.