തെരഞ്ഞെടുപ്പ് ഫലം ഇടതുസര്‍ക്കാരിനെതിരായ ശക്തമായ ജനവികാരത്തിന്‍റെ പ്രതിഫലനം : രമേശ് ചെന്നിത്തല

തിരുവനന്തപുരം:   ഇടതു സര്‍ക്കാരിനെതിരെ  അതിശക്തമായ  ജനവികാരം നിലനില്‍ക്കുന്നുവെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല. വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ യു.ഡി.എഫ് നേതാക്കളെയും  പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

ഈ ഉപതെരഞ്ഞെടുപ്പോടെ ബി.ജെ.പി കേരളത്തില്‍ തകര്‍ന്നടിഞ്ഞതായും ഒരു സീറ്റിലും അവര്‍ക്ക് ജയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതായും  രമേശ് ചെന്നിത്തല പറഞ്ഞു. ഇടതു സര്‍ക്കാരിനെതിരായുള്ള  ശക്തമായ ജനവികാരം  പരമാവധി ക്രോഡീകരിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശ്രമിച്ചത്. അരൂരില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയമാണ് ലഭിച്ചത്. അമ്പതുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.എസ് കാര്‍ത്തികേയന്‍ വിജയിച്ചതിന് ശേഷം  ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അവിടെ തിളക്കമാര്‍ന്ന വിജയം നേടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  38,000  വോട്ടിന് സി.പി.എം  വിജയിച്ച മണ്ഡലമാണ് അരൂര്‍. അതാണ്  സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

അതേസമയം തന്നെ കോണ്‍ഗ്രസിന്‍റെ  കയ്യിലുണ്ടായിരുന്ന കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടപ്പെട്ടതിനെക്കുറിച്ച്  വിശദമായ പരിശോധന നടത്തുമെന്നും  രമേശ് ചെന്നിത്തല വ്യക്തമാക്കി.  28 ന് തിങ്കളാഴ്ച  കന്‍റോണ്‍മെന്‍റ് ഹൗസില്‍  ചേരുന്ന  യു.ഡി.എഫ് യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും  രമേശ് ചെന്നിത്തല വ്യക്തമാക്കി.

സാധാരണ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഭരണത്തിലുള്ള  പാര്‍ട്ടികള്‍ക്ക് മുന്‍കൈ ലഭിക്കുന്നതായാണ് കണ്ടുവരുന്നത്. കഴിഞ്ഞ യു.ഡി.എഫ്  സര്‍ക്കാരിന്‍റെ കാലത്തും അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചില്‍ മൂന്ന് സീറ്റുകളും  പ്രതിപക്ഷമാണ് ജയിച്ചിരിക്കുന്നത്.  സര്‍ക്കാർ എല്ലാ ഔദ്യോഗിക  സംവിധാനങ്ങളും തെരഞ്ഞെടുപ്പ് നേട്ടത്തിനായി ദുര്‍വിനിയോഗം   ചെയ്യുകയായിരുന്നെന്നും   രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ദേശീയ തലത്തില്‍  നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ അതിശക്തമായ ജനവികാരമാണ് പ്രകടമാകുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും എല്ലാം കോണ്‍ഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കി. ഗുജറാത്തിലും ബിഹാറിലുമെല്ലാം ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസാണ്  നേട്ടമുണ്ടാക്കിയത്. ഇത് ദേശീയതലത്തില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിന്‍റെ വ്യക്തമായ സൂചനയാണെന്നും രാഹുല്‍ ഗാന്ധി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വം  ഏറ്റെടുക്കണമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithalabye election
Comments (0)
Add Comment