കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ 21 ന് വോട്ടെടുപ്പ് ; 24ന് വോട്ടെണ്ണല്‍; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്. ഇവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇന്നാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലും കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലും അടക്കം രാജ്യത്തെ 64 മണ്ഡലങ്ങളിലേക്കാണ് 21 ന് വോട്ടെടുപ്പ് നടക്കുക.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് ഒക്ടോബര്‍ 21 ന് വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ത്ഥികല്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 30 ആണ്. വട്ടിയൂര്‍ക്കാവ്, കോന്നി അരൂര്‍, എറണാകുളം എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അതേസമയം എംഎല്‍എയായിരുന്ന മുസ്ലിം ലീഗിലെ പി ബി അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് കൊടുത്തത് ഉപതെരഞ്ഞെടുപ്പ് തീയതി വൈകുന്നതിന് ഇടയാക്കിയിരുന്നു. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Comments (0)
Add Comment