നാടിനെ കണ്ണീരിലാഴ്ത്തിയ മഹാമാരിയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും സര്‍വവും നഷ്ടമായവർ നിരവധിയാണ്. ഇവരുടെ അതിജീവനത്തിനും പുനരധിവാസത്തിനുമായി കേരളം കൈകോര്‍ക്കുമ്പോള്‍ ദുരന്തബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും ഉരുള്‍പൊട്ടല്‍ മേഖലകളിലെ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച് കഴിഞ്ഞ ഒരാഴ്ചയായി സജീവസാന്നിധ്യമായി ഒരാളുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ബി.വി ശ്രീനിവാസ്.
നിലമ്പൂരിലെയും വയനാട്ടിലെയും ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവിടെ മുന്‍നിരയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങളിലും തെരച്ചിലിലും പങ്കെടുത്താണ് ശ്രീനിവാസ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. പ്രളയജലം കശക്കിയെറിഞ്ഞ നിലമ്പൂരിലെയും വയനാടിലെയും ഉരുള്‍പൊട്ടല്‍ മേഖലകളാണ് കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തിന്റെ കര്‍മപഥം. പകല്‍ സമയം മുഴുവന്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകുന്ന ശ്രീനിവാസ് രാത്രി വൈകുവോളം മറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
പ്രവൃത്തിയാണ് പ്രധാനമെന്ന വലിയ കാര്യമാണ് ശ്രീനിവാസ് തെളിയിക്കുന്നത്. നിരവധി പേര്‍ക്ക് പ്രചോദനമാവുകയാണ് ഇദ്ദേഹം. തന്റെ സഹജീവികളുടെ വിഷമത്തില്‍ പങ്കുചേര്‍ന്ന് ഇവരിലൊരാളായി ഏത് പ്രതിസന്ധിഘട്ടത്തിലും ഒപ്പമുണ്ടെന്ന് ആവര്‍ത്തിക്കുന്നു ശ്രീനിവാസ്, തന്റെ മാതൃകാപരമായ പ്രവൃത്തിയിലൂടെ…