പുനലൂരിൽ ബസിടിച്ച് വൃദ്ധ മരിച്ചു; അപകടം ഡിപ്പോയിൽ ബസ്‌ കാത്ത് നില്‍ക്കവേ

Jaihind Webdesk
Monday, December 17, 2018

കെഎസ്ആർടിസി ഡിപ്പോയിൽ ബസ്‌ കാത്ത് നിന്ന വൃദ്ധയുടെ ശരീരത്തിലൂടെ ബസിന്‍റെ പിൻചക്രം കയറി ദാരുണാന്ത്യം. കൊല്ലം പുനലൂർ ഡിപ്പോയിലാണ് സംഭവം. ഇളമ്പൽ കോട്ടവട്ടം തുണ്ടിൽ വീട്ടിൽ എഴുപതുവയസ്സുള്ള സ്നേഹലതയാണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ പഴയ ഗ്യാരേജ് പൊളിച്ച സ്ഥലത്ത് കോട്ടവട്ടം ഭാഗത്തേക്കുള്ള ബസ്സ് നോക്കിനിൽക്കുകയായിരുന്നു സ്നേഹലത. മറ്റൊര് ബസ് തിരിച്ച് ഡിപ്പോയിൽ പാർക്ക് ചെയ്യുന്നതിനിടയിൽ സ്നേഹലതയുടെ ശരീരത്ത് ബസ് തട്ടുകയും ഇവർ ബസിന് അടിയിലേക്ക് വീഴുകയുമായിരുന്നു. ബസിന്റെ പിറകുവശത്തെ ചക്രം സ്നേഹലതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ സ്നേഹലത മരണപ്പെട്ടു.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ് പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിലവിൽ യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ അത്യാഹിതങ്ങൾ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ സംഭവിച്ചിട്ടുണ്ട്.