ബസ് ചാർജ് വർധനയില്‍ തീരുമാനം ഇന്ന്

Jaihind Webdesk
Saturday, November 20, 2021

 

ബസ് ചാർജ് വർധനയിൽ ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് ചർച്ച നടത്തും. തിരുവനന്തപുരത്ത് വൈകീട്ട് നാലരയ്ക്കാണ് ചർച്ച. മിനിമം ചാർജ് 10 രൂപയായി വർധിപ്പിക്കുമെന്നാണ് സൂചന.

ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു. കഴിഞ്ഞ തവണത്തെ ചർച്ചയിൽ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയാണ് ബസ് ഉടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ.

നിരക്ക് വർധനവുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എൽഡിഎഫ് നേതാക്കൾക്ക് കൈമാറിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻറെ ശിപാർശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടിൽ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്.

വിദ്യാർഥികൾക്ക് മിനിമം അഞ്ചുരൂപയോ അല്ലെങ്കിൽ ടിക്കറ്റിന്റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാർശയുണ്ട്. വൻ പ്രതിഷധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പക്ഷേ ഇക്കാര്യത്തിൽ സർക്കാർ ധൃതിപിടിച്ച് തീരുമാനമെടുത്തേക്കില്ല. ചാർജ് വർധിക്കുന്നത് അനുസരിച്ച് കൺസഷൻ നിരക്കും നേരിയ തോതിൽ വർധിക്കും.