തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന വിവിധ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളെ നേരിട്ട് കണ്ട് പ്രതിപക്ഷ നേതാവ് സംസാരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തുന്ന സമരപന്തലിലും അദ്ദേഹമെത്തി. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വിവിധ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ടു. അതേ സമയം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് എം.എൽ.എമാർ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനും നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.
കേരളത്തിൽ ഉദ്യോഗസ്ഥഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒന്നുമറിയില്ല. സമരക്കാരുമായി ചർച്ച നടത്തുന്നത് ഉദ്യോഗസ്ഥരാണ്. ടി.കെ ജോസും മനോജ് എബ്രാഹാമും ആണോ സർക്കാർ നയം തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. യുവാക്കളെ വഞ്ചിച്ച സര്‍ക്കാരാണിത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഉദ്യോഗാർത്ഥികളെ ചർച്ചയ്ക്ക് വിളിക്കാതിരിക്കാൻ കാരണമെന്നും ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/JaihindNewsChannel/videos/247556790179632/