മഹാരാഷ്ട്രയുടെ സാമ്പത്തിക അടിത്തറ ഇളക്കാന്‍ മോദിയുടെ ബുള്ളറ്റ് ട്രെയിന്‍

Jaihind Webdesk
Tuesday, December 25, 2018

Bullet Train

നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച മുംബൈ –അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മഹാരാഷ്ട്ര സര്‍ക്കാരിനെ കടക്കെണിയിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജപ്പാന്‍ സഹായത്തോടെയുള്ള  പദ്ധതി നടപ്പിലാക്കുന്നതിലൂടെ മഹാരാഷ്ട്ര സര്‍ക്കാരിന് ഏകദേശം 48,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍. വിവരാവകാശപ്രകാരം സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2017 സെപ്റ്റംബറിലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.  ഒരുലക്ഷത്തി എണ്ണായിരം കോടി രൂപയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. ബാന്ദ്ര – കുര്‍ള കോംപ്ലക്‌സില്‍ ബുള്ളറ്റ് ട്രെയിന്‍ ടെര്‍മിനസ് നിര്‍മിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് 48,000 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അറിയിക്കുന്നത്.

മണിക്കൂറില്‍ 320 -350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന് 750 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള എട്ട് മണിക്കൂര്‍ ദൂരം  മൂന്നര മണിക്കൂര്‍കൊണ്ട് എത്താനാകുമെന്നാണ് അവകാശപ്പെടുന്നത്.

പദ്ധതിക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ശക്തമായ എതിര്‍പ്പാണുയര്‍ത്തുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നഷ്ടമാകും എന്നതാണ് കര്‍ഷകരുടെ എതിര്‍പ്പിന് പ്രധാന കാരണം. ഇതിന് പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുതന്നെ പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പുകളാണ് ഉയരുന്നത്. സംസ്ഥാന നഗരവികസന വകുപ്പും, ആസൂത്രണ, ധനകാര്യ വകുപ്പുകളും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്‌മെന്‍റ് അതോറിറ്റിയും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

വ്യക്തമായ ആസൂത്രണമില്ലാതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനം നേരിടേണ്ടിവരുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളികളായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2017 ജൂലായ് മുതല്‍ റെയില്‍വേയ്ക്ക് ഏകദേശം 30 കോടി രൂപയുടെ നഷ്ടമാണ് മുംബൈ-അഹമ്മദാബാദ് റൂട്ടിലുള്ളത്. ദീര്‍ഘകാലത്തേക്ക് പദ്ധതി നഷ്ടത്തില്‍ തുടരാനുള്ള സാഹചര്യമാണ് ഇത് കാണിക്കുന്നത്.പദ്ധതി സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതിന്‍റെ ആവശ്യകതയും പ്രസക്തമാകുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അധ്യക്ഷനായ മന്ത്രിതലസംഘം പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുമില്ല. ഇത്തരത്തില്‍ യാതൊരു സാമ്പത്തിക നേട്ടവുമില്ലാത്തതും വന്‍ നഷ്ടമുണ്ടാക്കുന്നതുമായുള്ള ഒരു പദ്ധതിക്ക് അംഗീകാരം നല്‍കി എന്നത് ഞെട്ടിക്കുന്നതാണെന്ന് വിവരാവകാശ പ്രവര്‍ത്തകരും വ്യക്തമാക്കുന്നു.

വ്യക്തമായ ആസൂത്രണവും ദീര്‍ഘവീക്ഷണവും ഇല്ലാതെ കോടിക്കണക്കിന് രൂപ നഷ്ടമാക്കുന്നതും മഹാരാഷ്ട്ര ഗവണ്‍മെന്‍റിനെ കടക്കെണിയിലാക്കുന്നതുമാകും പദ്ധതിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ശിവാജി പ്രതിമ നിര്‍മാണത്തിനായി ഏകദേശം 3,650 കോടി രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര സര്‍‌ക്കാരിന്‍റെ സാമ്പത്തികസ്ഥിതി നിലവില്‍ തന്നെ പരുങ്ങലിലാണെന്നിരിക്കെ വ്യക്തമായ കാഴ്ചപ്പാടില്ലാതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി വരുന്നതോടെ എന്താകുമെന്നതാണ് കണ്ടറിയേണ്ടത്.