ബുൾബുൾ ചുഴലിക്കാറ്റ് വരുംമണിക്കൂറുകളിൽ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്

Jaihind News Bureau
Friday, November 8, 2019

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുൾബുൾ ചുഴലിക്കാറ്റ് വരുംമണിക്കൂറുകളിൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാൾ ഭാഗത്ത് കൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് അറിയിപ്പ്. ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി.

ആന്‍റമാൻ-നിക്കോബാർ ദ്വീപുകളിലും ഒഡീഷയുടെ വടക്കൻ തീരങ്ങളിലും പശ്ചിമബംഗാളിലും അതിശക്തമായ മഴയുണ്ടാവാൻ സാധ്യതയുണ്ട്. 70 മുതൽ 90 കി.മീ. വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് അറിയുന്നത്. അടുത്ത ദിവസങ്ങളിൽ ഈ മേഖലയിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

അതേസമയം ബുൾബുൾ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും നടന്നു. സ്ഥിതി നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരളത്തെ ബുൾബുൾ ചുഴലിക്കാറ്റ് ബാധിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. ക്യാർ, മഹ ചുഴലിക്കാറ്റിന് ശേഷം രണ്ടാഴ്ച്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ. പാകിസ്ഥാാനാണ് പുതിയ ചുഴലിക്കാറ്റിന് ബുൾബുൾ എന്ന പേര് നൽകിയിരിക്കുന്നത്.