അനില്‍ അംബാനിയുടെ ടി.വി ചാനല്‍ അടച്ചുപൂട്ടി; വഴിയാധാരമായി ജീവനക്കാര്‍

Jaihind Webdesk
Sunday, September 1, 2019

മുംബൈ: വ്യവസായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ടെലിവിഷന്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആഗസ്റ്റ് 31ന് രാത്രിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ചാനല്‍ ജീവനക്കാര്‍ക്ക് ലഭിച്ചത്. ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ബി.ടി.വി.ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ ട്വീറ്റ് ചെയ്തു. പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ചാനല്‍ സംപ്രേഷണം നിര്‍ത്തുന്ന കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ഭാവികാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ചാനല്‍ ട്വീറ്റ് ചെയ്തു. യാതൊരു അറിയിപ്പുകളും കൂടാതെയാണ് ചാനല്‍ അടച്ചുപൂട്ടിയത്. കേബിള്‍, ഡി.ടി.എച്ച് നെറ്റ് വര്‍ക്കുകളെയും ചാനല്‍ നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ല. ഇംഗ്ലീഷ് ബിസിനസ് ചാനലുകളില്‍ റേറ്റിംഗില്‍ രണ്ടാമതാണെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. എന്നിട്ടും എന്തുകൊണ്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് ചാനല്‍ വ്യക്തമാക്കിയിട്ടില്ല.

ട്വിറ്ററിലൂടെ ചാനല്‍ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചതോടെയാണ് മാധ്യമങ്ങളും മറ്റും ഇക്കാര്യം അറിഞ്ഞത്. ഡി.ടി.എച്ച് നെറ്റ് വര്‍ക്കുകളെയും ചാനല്‍ നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ല. ബിസിനസ് ചാനലുകളില്‍ ബാര്‍ക് റേറ്റിംഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ചാനല്‍ അടച്ചുപൂട്ടിയത്. 2012ലാണ് ചാനല്‍ അനില്‍ അംബാനി സ്വന്തമാക്കിയത്.

ചാനല്‍ ഈ മാസങ്ങളില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്ന് ഒരു മുന്‍ജീവനക്കാരന്‍ പ്രതികരിച്ചു. ചാനല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക മുടങ്ങിയതോടെ ഉടമ ഇടപെട്ടിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അതേ ഓഫീസില്‍ തന്നെ പ്രവര്‍ത്തനം തുടരാന്‍ ഉടമ അനുവദിച്ചതെന്നും ഒരു മുന്‍ജീവനക്കാരന്‍ പറഞ്ഞു.