കൊച്ചി: ചെലവ് കുറയ്ക്കലിന്റെ ഭാഗമായി തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി കേരള ബി.എസ്.എന്‍.എല്‍. കേരളത്തിലെ സര്‍ക്കിളുകളിലേക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എന്‍.എല്‍) കരാര്‍ തൊഴിലാളികള്‍ ഏഴു മാസത്തോളമായി ലഭിക്കാനുള്ള ശമ്പളത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം തുടരുന്നതിനിടെ ആണ് ബി.എസ്.എന്‍.എല്‍ ന്റെ ഈ നടപടി വരുന്നത്.
അതേസമയം ഓണക്കാലമായിട്ടും ജീവനക്കാരുടെ ശമ്പളക്കാര്യത്തിലെ അനിശ്ചിതത്വം തുടരുകയാണ്. രണ്ടുമാസമായിട്ട് ശമ്പളം മുടങ്ങിയിരിക്കുകയാണ്. കരാര്‍ ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള സ്ഥാപനത്തിന്റെ നിര്‍ദ്ദേശം ഓഡിറ്റ് കമ്മിറ്റിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്, ഓഗസ്റ്റ് 20- നാണ് ഓഡിറ്റ് കമ്മിറ്റി യോഗം ചേര്‍ന്നത്. സാധാരണ ജോലിക്കാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമാണ് കരാര്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തേണ്ടതെന്നും ഇതില്‍ പറയുന്നു. കരാര്‍ ജോലിക്കാരുടെ തൊഴില്‍ ദിവസത്തിന്റെ എണ്ണം മൂന്ന് ദിവസമായി കുറയ്ക്കണം എന്നും നിര്‍ദ്ദേശമുണ്ട്.