കർണാടകയിൽ യെദ്യൂരപ്പ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനുശേഷം സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും സാധ്യതയുണ്ട്. അതിനിടെ പുതിയ നിയമപോരാട്ടത്തിനു വഴിതുറന്ന് 14 വിമത എം.എൽ.എമാരെക്കൂടി സ്പീക്കർ കഴിഞ്ഞ ദിവസം അയോഗ്യരാക്കി. അയോഗ്യരാക്കപ്പെട്ട പതിനേഴ് വിമതരും ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.
വിശ്വാസവോട്ട് നടക്കാനിരിക്കെ വിധാൻസൗധയ്ക്കു ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലർച്ചെ ആറു മണി മുതൽ അർധരാത്രി വരെ വിധാൻസൗധയ്ക്കു രണ്ടു കിലോമീറ്റർ ചുറ്റളവിലാണു 144 പ്രഖ്യാപിച്ചത്. മേഖലയിൽ നാലുപേരിൽ കുടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ലെന്നു പോലീസ് നിർദേശം നൽകി.
224 അംഗസഭയിൽ നിലവിലെ അംഗബലമനുസരിച്ച് കേവലഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണയാണ് ബിജെപിക്ക് വേണ്ടത്. നിലവിൽ ബിജെപിക്ക് 105 അംഗങ്ങളുള്ളത്. സ്വതന്ത്ര എംഎൽഎ എച്ച് നാഗേഷിന്‍റെ പിന്തുണയും ബിജെപിക്ക് ലഭിച്ചേക്കും. വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനുശേഷം സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും സാധ്യതയുണ്ട്. സ്പീക്കർ സ്വമേധയാ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി യെദ്യൂരപ്പ സ്പീക്കർ രമേശ് കുമാറിനോട് സൂചിപ്പിച്ചു. ഇന്ന് ധനബില്ലും സഭയിൽ അവതരിപ്പിച്ച് പാസാക്കും. ജുലൈ 31നകം ധനബിൽ പാസാക്കിയില്ലെങ്കിൽ ആഗസ്ത് ഒന്നുമുതൽ സർക്കാർ ഖജനാവിൽ നിന്നും പണം ചെലവഴിക്കാൻ കഴിയില്ല. ജുലൈ 31 വരെയുള്ള വോട്ട്ഓൺ അക്കൗണ്ടു മാത്രമാണ് സഭ പാസാക്കിയിരുന്നത്. അതേസമയം കൂറുമാറ്റ നിയമമനുസരിച്ച് 14 വിമത എം.എൽ.എമാരെക്കൂടി സ്പീക്കർ കഴിഞ്ഞ ദിവസം അയോഗ്യരാക്കി. വിപ്പ് ലംഘിച്ച് വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത ഇവരെ നിയമസഭയുടെ കാലാവധി കഴിയുന്നതു വരെയാണ് അയോഗ്യരാക്കിയത്. കോൺഗ്രസിന്‍റെ പതിനൊന്നും, ജെ.ഡി.എസിന്‍റെ മൂന്നും അംഗങ്ങളെയാണ് ഇന്നലെ അയോഗ്യരാക്കിയത്. സ്വതന്ത്രൻ അടക്കം മൂന്ന് വിമതരെ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ഇതോടെ പതിനേഴ് വിമതരും അയോഗ്യരായി. ഇവർ ഇന്ന് കോടതിയെ സമീപിച്ചേക്കും. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് വിമത അംഗം എ.എച്ച്. വിശ്വനാഥ് അറിയിച്ചു.
https://youtu.be/8XsPFkaMiAE