ബി.എസ് ബാലചന്ദ്രനെ ഭാരത് സേവക് സമാജിന്‍റെ ദേശീയ ചെയര്‍മാനായി നിയമിച്ചു

Jaihind Webdesk
Monday, January 21, 2019

 

 

ഭാരത് സേവക് സമാജിന്‍റെ (BSS) ദേശീയ ചെയര്‍മാനായി മലയാളിയായ ബി.എസ് ബാലചന്ദ്രനെ നിയമിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 65 വര്‍ഷം മുമ്പ് ആസൂത്രണ കമ്മീഷന്‍ രൂപവല്‍കരിച്ചതാണ് ഭാരത് സേവക് സമാജ്.

1988 മുതല്‍ BSS കേരള ശാഖയുടെ ജനറല്‍ സെക്രട്ടറിയും 2015 മുതല്‍ അഖിലേന്ത്യാ സെക്രട്ടറിയുമാണ് ബാലചന്ദ്രന്‍. അനൗപചാരിക വിദ്യാഭ്യാസം, ആജീവനാന്ത വിദ്യാഭ്യാസം, സാക്ഷരത, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യവല്‍കരണം, പരിസ്ഥിതി സംരക്ഷണം, മൈക്രോഫൈനാന്‍സിംഗ് തുടങ്ങിയ മേഖലകളില്‍ നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് ബാലചന്ദ്രനെ സംഘടനയുടെ ചെയര്‍മാനായി നിയമിച്ചതിന് പിന്നില്‍. തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അദ്ദേഹം രാജ്യത്താകമാനം തൊഴില്‍ പരിശീലന പദ്ധതി നടപ്പാക്കിയിരുന്നു.

കര്‍ണാടകയിലെ വിശ്വേശരയ്യ സാങ്കേതിക സര്‍വകലാശാല ബാലചന്ദ്രനെ 2015-ല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നല്‍കി ആദരിച്ചു. കൃത്യമായ ലക്ഷ്യത്തോടെയും കാര്യക്ഷമതയോടെയും ദേശീയാടിസ്ഥാനത്തിലുള്ള വികസനപരിപാടികള്‍ക്ക് ശക്തി പകരുക എന്നതിനായിരിക്കും ദേശീയ ചെയര്‍മാനെന്ന നിലയില്‍ താന്‍ മുന്‍ഗണന നല്‍കുക എന്ന് ബി.എസ് ബാലചന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്റു സ്ഥാപക പ്രസിഡന്‍റും മുന്‍ പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദ സ്ഥാപക ചെയര്‍മാനുമായി 1954-ലാണ് ബി.എസ്.എസ് രൂപവല്‍കരിക്കപ്പെട്ടത്.