കള്ളനോട്ടുമായി സഹോദരന്മാർ പിടിയില്‍; രണ്ടുപേരും ബിജെപി പ്രവർത്തകർ

തൃശൂർ : ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ് , രാജീവ് എന്നിവരാണ് ബംഗളുരുവിൽ നിന്ന് പിടിയിലായത്. ഇവരിൽനിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിട്ടുണ്ട്.
നിരവധി കള്ളനോട്ട് കേസുകളിൽ പ്രതികളായ ഇവർ ബംഗളുരു കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.

കരൂപ്പടന്നയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മേത്തല സ്വദേശി കോന്നംപറമ്പിൽ ജിത്തുവിന്‍റെ പക്കൽ നിന്നും ഒന്നര ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന രാകേഷും, രാജീവും അറസ്റ്റിലായത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഇവർക്കെതിരെ കള്ളനോട്ട് കേസുകളുണ്ട്.

യുവമോർച്ച പ്രവർത്തകരായിരുന്ന ഇവർ 2017 ൽ സ്വന്തം വീട്ടിൽ വെച്ച് കള്ളനോട്ടടിച്ച കേസിലാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങി സംസ്ഥാനം വിട്ട ഇവർ കള്ള നോട്ടടിയിൽ കൂടുതൽ സജീവമായി. ചാവക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഏജന്‍റുമാർ മുഖേന ഇവർ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2019 ൽ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അന്തിക്കാട് വെച്ച് ഇവർ പിടിയിലായിരുന്നു. പിന്നീട് പല കേസുകളിലും ഉൾപ്പെട്ടുവെങ്കിലും പൊലീസിന്‍റെ പിടിയിലാകാതെ ഒളിച്ചു കഴിയുകയായിരുന്നു ഇവർ. തീരമേഖലയിലെ കൂലിപ്പണിക്കാർക്കും മത്സ്യ, ലോട്ടറി കച്ചവടക്കാർക്കും മറ്റും ദിവസ പലിശ നിരക്കിൽ ഇവരുടെ ഏജന്‍റുമാർ പണം നൽകിയിരുന്നു. കള്ളനോട്ടാണ് ഇത്തരത്തിൽ വിതരണം ചെയ്തിരുന്നത്.

ആവശ്യക്കാർക്ക് ഒരു ലക്ഷം രൂപയ്ക്ക് പകരമായി ഇവർ മൂന്ന് ലക്ഷം രൂപയുടെ വ്യാജ കറൻസിയാണ് നൽകിയിരുന്നത്.
ഇവരുടെ ഏജന്‍റുമാരിലൊരാളാണ് കള്ളനോട്ടുമായി പിടിയിലായ ജിത്തുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Comments (0)
Add Comment