കൊവിഡ് വൈറസ് വ്യാപനം തീവ്രമാകുന്നു; ബ്രിട്ടണിൽ വീണ്ടും സമ്പൂർണ്ണ അടച്ചിടൽ

Jaihind News Bureau
Tuesday, January 5, 2021

ബ്രിട്ടണിൽ വീണ്ടും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. രോഗവ്യാപന ശേഷി കൂടിയ പുതിയ കൊവിഡ് വൈറസ് വ്യാപമായി പടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.

ബുധനാഴ്ച അർദ്ധരാത്രി മുതൽ ഫെബ്രുവരി പകുതിവരെയാണ് നിലവിൽ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം പെട്ടെന്ന് ക്രമാതീതമായി പെരുകുന്നത് കണക്കിലെടുത്താണ് അടച്ചിടലിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇത്തവണയും ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.

കോളേജുകളും സ്‌കൂളുകളും അടച്ചിടും. ബ്രിട്ടണിൽ നാല് മാസം മുൻപാണ് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയത്.
വരുന്ന ആഴ്ചകൾ കഠിനമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.