പി.കെ. ശശി വിവാദം : കൈക്കൂലി വിവാദം സ്ഥിരീകരിച്ച് CPM സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച

ലൈംഗീകാരോപണ വിധേയനായ പി.കെ ശശിക്ക് അനുകൂലമായി നിന്നാൽ പതിനാലു ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനം നൽകുമെന്ന വാർത്ത സ്ഥിരീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച. വിഷയം സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്ണൻ സൂചിപ്പിച്ചപ്പോൾ കമ്മീഷൻ ഇതേക്കുറിച്ച് കൂടി അന്വേഷിക്കണമെന്നായിരുന്നു പിണറായി വിജയന്‍റെ നിർദേശം.

പാലക്കാട് പുതുശ്ശേരിയിലെ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസിലിരുന്ന് ലൈഗീകാരോപണ വിധേയനായ പി.കെ ശശിക്കെതിരെ ആരോപണമുന്നയിക്കാൻ ജില്ലയിലെ ചില പാർട്ടി പ്രമുഖർ ഗൂഡലോചന നടത്തിയെന്ന് അന്വേഷണ കമ്മീഷൻ മുഖേന മൊഴി നൽകാനായിരുന്നു ലോക്കൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. പി.കെ ശശിക്ക് വേണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത് മലബാർ സിമന്‍റ്സുമായി ബന്ധപ്പെട്ട ഒരു ദല്ലാളാണെന്ന് കഴിഞ്ഞ ദിവസം ജയ്ഹിന്ദ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയിൽ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ദിവസം നടന്ന സി.പി.എം സെക്രട്ടേറിയറ്റിൽ ചർച്ചയായെന്നാണ് സൂചന.

പുതുശ്ശേരി ലോക്കൽ സെക്രട്ടറിക്ക് നൽകിയ ഓഫർ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്സെക്രട്ടേറിയറ്റ് യോഗത്തിൽ ഉന്നയിച്ചത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ചക്കെത്തിയപ്പോഴായിരുന്നു സംസ്ഥാന സെക്രട്ടറി ഇക്കാര്യം ചൂണ്ടികാട്ടിയത്. പരാതി ഗൗരവകരമാണെന്നും ഇത് കൂടി പാർട്ടി നിയോഗിച്ച കമ്മീഷൻ അന്വേഷിക്കണമെന്നും പിണറായി വിജയൻ യോഗത്തിൽ നിർദേശിച്ചു.

പാലക്കാട് ജില്ലയിലെ ഒരു മണ്ഡലത്തിൽ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ട കർഷക സംഘം നേതാവ്, ബന്ധുക്കളായ ജനപ്രതിനിധികൾ, ഒരു ഏരിയ സെക്രട്ടറി ഉൾപ്പെടെ അഞ്ച് നേതാക്കൾ ഗൂഡാലോചന നടത്തിയെന്ന് മൊഴി നൽകാനായിരുന്നു പി.കെ ശശിക്ക് വേണ്ടി ദല്ലാൾ ആവശ്യപ്പെട്ടത്.

പി.കെ ശശിയുടെ വീട്ടിലിരുന്ന് തനിക്കൊപ്പം  ജില്ലയിലെ ഒരു പ്രധാന സി.പി.എം നേതാവ്,  ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എം.എൽ.എ, ഒരു തൊഴിലാളി നേതാവ്  എന്നിവർ തീരുമാനിച്ചതാണ് ഇതെന്നുമാണ് അന്ന് ദല്ലാൾ ലോക്കൽ സെക്രട്ടറിയോട് പറഞ്ഞിരുന്നത്.

ശശിക്ക് ഒത്താശ ചെയ്യുന്നയളാണെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍റെ ശകാരം കേട്ടയാളാണ് ഗൂഡാലോചനയിൽ പങ്കെടുത്ത ജില്ലാ നേതാവ്. അതേ സമയം, ശശിക്കെതിരെ പാർട്ടി അച്ചടക്കനടപടി വൈകുന്നതിനിടെ ആരോപണമുന്നയിച്ച യുവതി പോലീസിൽ പരാതി നൽകിയേക്കുമെന്ന് സൂചനയുണ്ട്.

https://www.youtube.com/watch?v=ABJa1h6gtjk

Sexual Harrasmentpk sasiCPM State SecretariatBribery
Comments (0)
Add Comment