കള്ളനോട്ട് കേസ് ഒതുക്കിതീർക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട് സിഐ : വിവരങ്ങള്‍ പുറത്ത്

Jaihind Webdesk
Monday, September 6, 2021

ഇടുക്കി : കള്ളനോട്ട് കേസ് ഒതുക്കാന്‍ കൈക്കൂലി ചോദിച്ച് വാങ്ങി സിഐയടക്കം നാല് പൊലീസുകാർ. ഇടുക്കി വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന് കള്ളനോട്ട് പിടികൂടിയ കേസിലാണ് പൊലീസ് പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. ഉപ്പുതറയില്‍ സി.ഐ ആയിരുന്ന റിയാസ് ആണ് കൈക്കൂലി ആവശ്യപ്പെടുന്നത്.

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും ഉപദ്രവിക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും പൊലീസ് ആവശ്യപ്പെടുകയായിരുന്നെന്ന് പ്രതി ഹനീഫ് ഷിറോസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ നാടായ തിരുവനന്തപുരത്തെത്തിച്ചാണ് പണം കൈമാറുന്നത്.

ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടാന്‍ സി.ഐ വീണ്ടും ആവശ്യപ്പെടുന്നു. അക്കൗണ്ട് വിവരങ്ങള്‍ വാട്സാപ്പിലയച്ച് നല്‍കി മറ്റൊരു പൊലീസുകാരനും പണം ചോദിക്കുന്നു. സി.ഐയടക്കം നാല് പൊലീസുകാര്‍ പലതവണയായി കൈക്കൂലി വാങ്ങിയെന്നാണ് പരാതി. കുടുംബ സ്വത്തായ സ്കൂളിന്‍റെ അവകാശത്തര്‍ക്കത്തിന്‍റെ പേരില്‍ എതിരാളികള്‍ തന്നെ കള്ളനോട്ട് കേസില്‍ കുടുക്കിയതാണെന്നാണ് ഷിറോസിന്‍റെ അവകാശവാദം. ഇനിയും കുടുക്കാതിരിക്കാനാണ് കൈക്കൂലി.