കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ പിടിയിൽ : ഫ്ളാറ്റില്‍ നിന്നും കണ്ടെടുത്തത് 17 ലക്ഷം

Jaihind Webdesk
Thursday, December 16, 2021

കോട്ടയം :  കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. ജില്ല മലിനീകരണ നിയന്ത്ര ബോർഡ് ഉദ്യോഗസ്ഥനായ എഎൻ ഹാരിസൺ ആണ് പാലാ സ്വദേശിയിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. റബർ റീസോൾ കമ്പനി നടത്തുന്ന ആളില്‍ നിന്നാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് എസ്പി വിജി വിനോദിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. തുടർന്ന് കോട്ടയം വിജിലൻസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ആലുവയിലുള്ള  ഫ്‌ളാറ്റിൽ നിന്നും 17 ലക്ഷത്തോളം രൂപ കണ്ടെടുത്തു.

പലരിൽ നിന്നും കൈക്കൂലി വാങ്ങിയ തുകയാകാം ഇതെന്നാണ്  വിജിലൻസ് സംശയിക്കുന്നത്. ഇയാളുടെ ബാങ്കിലും ലക്ഷങ്ങളുടെ നിക്ഷേപം ഉള്ളതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും പരിശോധിച്ചു വരികയാണ്. മറ്റ് സ്വത്തുക്കളെ കുറിച്ചും അന്വേഷണം ആരംഭിച്ചു.ഉദ്യോഗസ്ഥനെ ഇന്ന് കോടതിയിൽ ഹാജരാക്കും.