BREAKING NEWS : ചരിത്രം കുറിച്ച് യുഎഇ : അറബ് ലോകത്തിന്‍റെ ആദ്യ ചൊവ്വാ ദൗത്യം വിജയകരം ; ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ ; യുഎഇയെ അഭിനന്ദിച്ച് ലോകം


 

ദുബായ് : ബഹിരാകാശ സാങ്കേതിക വിദ്യയുടെ അതിരുകള്‍ ഭേദിച്ച് യുഎഇ ചരിത്രം കുറിച്ചു. ലോകം ഉറ്റുനോക്കിയ ചൊവ്വാദൗത്യമെന്ന വലിയ ഉത്തരവാദിത്വം , കൊച്ചു രാജ്യമായ യുഎഇ വിജയകരമായി പൂര്‍ത്തിയാക്കി. ലോകത്തിന് മുന്നില്‍, യുഎഇയുടെ കാര്യപ്രാപ്തി ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്നതായിരുന്നു ഈ നിമിഷങ്ങള്‍. ഹോപ് മിഷന്‍  വലിയ ദൗത്യം ഇതോടെ, വലിയ ചരിത്രമായി മാറി. കഴിഞ്ഞ ആറു മാസമായി തുടര്‍ന്ന ആശ്ചര്യങ്ങള്‍ എല്ലാം, ഒരു രാജ്യത്തിന് അഭിനന്ദമായി വഴി മാറുകയായിരുന്നു.

 

ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2020 ജൂലൈ 21ന് നാണ്, ഹോപ് പ്രോബ് ലക്ഷ്യത്തിലേക്ക് കുതിച്ചത്. തുടര്‍ന്ന്, ആറു മാസങ്ങള്‍ക്ക് ശേഷം ഇത് ലക്ഷ്യത്തില്‍ എത്തുകയായിരുന്നു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ സന്നിഹിതരായിരുന്നു. ചൊവ്വാ ദൗത്യം വിജയത്തിലെത്തിച്ച ശാസ്ത്രസംഘത്തെ ഷെയ്ഖ് മുഹമ്മദും സംഘവും നേരിട്ടെത്തി അഭിനന്ദിച്ചു.

Comments (0)
Add Comment